തൃശൂർ : ഇരുപത് മാസം കൊണ്ട് ആകെയുള്ള 33 ലക്ഷത്തോളം പേരിൽ അഞ്ച് ലക്ഷം പേരിലേക്ക് വ്യാപിച്ച് കൊവിഡ്. കണക്ക് പ്രകാരം കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,015,23 ആണ്. 2984 പേരാണ് മരിച്ചത്. അതേസമയം 1500 ലേറെ മരണം ഇതുവരെയും ഒരു പട്ടികയിലും ഉൾപ്പെടുത്തിയിട്ടില്ല. ഇത് ഉൾപ്പെടുത്താനുള്ള നടപടി ആരംഭിച്ചു. രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജില്ലയാണ് തൃശൂർ.
തുടർന്ന് രോഗികളുടെ എണ്ണം ഉയർന്നെങ്കിലും ഒരു ഘട്ടത്തിൽ രോഗമുക്തർ പൂജ്യം വരെയെത്തി. കഴിഞ്ഞ ഏപ്രിൽ രണ്ടാം വാരം മുതലാണ് രോഗികളുടെ എണ്ണം കുതിച്ചുയർന്നത്. രോഗം ബാധിച്ചവരിലും മരിച്ചവരിലും കൂടുതലുള്ളത് 45 വയസിന് മുകളിലുള്ളവരാണ്. മരിച്ചവരിൽ എഴുപത് ശതമാനത്തിലേറെ പേരും 45 വയസിന് മുകളിലാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് ഭൂരിഭാഗവും രോഗബാധിതരായത്. കഴിഞ്ഞ മാസം മാത്രം 80,616 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതും സെപ്തംബറിലായിരുന്നു. 676 പേരാണ് മരിച്ചത്.
ആറായിരത്തിലേറെ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്
ഇതുവരെ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമായി 801 ഡോക്ടർമാർക്കാണ് (സെപ്റ്റംബർ വരെ) കൊവിഡ് സ്ഥിരീകരിച്ചത്. നഴ്‌സിംഗ് അസിസ്റ്റന്റുമാർ, ആംബുലൻസ് ഡ്രൈവർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ലാബ് ടെക്‌നീഷ്യന്മാർ, ക്ലീനീംഗ് സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവർത്തകർ അടക്കം 6015 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തിരക്കില്ലാതെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ
ഒരു ദിവസം വാക്‌സിനേഷൻ എടുക്കാൻ ഇപ്പോഴെത്തുന്നത് 5000ൽ താഴെ ആളുകൾ മാത്രം. ആഴ്ചകൾക്ക് മുമ്പ് വരെ ദിവസം ലക്ഷത്തോളം പേർക്ക് വാക്‌സിൻ നൽകിയിരുന്നു. ഇപ്പോൾ 90 ശതമാനത്തിലേറെ പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. നിലവിൽ ഒരു ലക്ഷത്തിലധികം ഡോസ് വാക്‌സിൻ കൈവശമുണ്ട്. വാക്‌സിനേഷന്റെ ആദ്യഘട്ടത്തിൽ 112 ദിവസത്തിന് മുകളിലെത്തിയവർക്ക് രണ്ടാം ഡോസ് കിട്ടാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോൾ 84 ദിവസം കഴിഞ്ഞാൽ രണ്ടാം ഡോസ് ലഭിക്കും. വ്യാഴാഴ്ച വരെയുള്ള കണക്ക് പ്രകാരം 33,22,240 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 22.65 ലക്ഷം ഒന്നാം ഡോസും 10.56 ലക്ഷം രണ്ടാം ഡോസുമാണ്.
കൊവിഡ് 15 ശതമാനം പേരിലേക്ക്
രോഗം ബാധിച്ചവർ 5,015,23
മരണം 2984
ആരോഗ്യ മേഖലയിൽ 6015
ഡോക്ടർമാർ 801
നഴ്‌സുമാർ 1866
ആശാ വർക്കർമാർ 272
നഴ്‌സിംഗ് അസിസ്റ്റുമാർ 203
ഹെൽത്ത് ഇൻസ്പെക്ടർമാർ 110
ആംബുലൻസ് ഡ്രൈവർമാർ 58