തൃശൂർ : മാലിന്യം നീക്കം ചെയ്യാനുള്ള കരാർ കാലാവധി കഴിഞ്ഞതോടെ, നഗരത്തിൽ ശക്തൻ മാർക്കറ്റിൽ നിന്നടക്കം മാലിന്യ നീക്കം നിലച്ചിട്ട് ആഴ്ചകൾ. കോർപറേഷനിൽ എല്ലാ ഡിവിഷനിലും മാലിന്യം കുമിഞ്ഞ് കൂടി തുടങ്ങി. ശക്തൻ മാർക്കറ്റിൽ നിന്ന് മാലിന്യം റോഡിലേക്ക് വരെയെത്തി തുടങ്ങിയതോടെ ദുർഗന്ധമായി. ജയ് ഹിന്ദ് മാർക്കറ്റ്, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിലും മാലിന്യം നിറഞ്ഞു. ശുചീകരണ തൊഴിലാളികളും മറ്റും ഡിവിഷനുകളിൽ പല സ്ഥലങ്ങളിലും മാലിന്യമിട്ട് കത്തിക്കുകയാണ്.
മഴക്കാലമായതോടെ അതിനും സാധിക്കാത്ത സ്ഥിതിയാണ്. കോർപറേഷന് കീഴിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകൾ നോക്കുകുത്തിയാണ്. ശക്തൻ മാർക്കറ്റിൽ മാത്രമാണ് പ്ലാന്റ് ഭാഗികമായി പ്രവർത്തിക്കുന്നത്. ജൈവ മാലിന്യം മാത്രമാണ് ഇവിടെ സംസ്‌കരിക്കുന്നത്. ഇതിനിടെ ശക്തനിലെ പ്ലാന്റിന്റെ മറവിൽ മറ്റിടങ്ങളിൽ നിന്ന് ജൈവ മാലിന്യം കൊണ്ടുവന്നിടുകയാണ് ചെയ്യുന്നതെന്നും രാത്രി കാലങ്ങളിൽ ഇത് വീണ്ടും ആളില്ലാത്ത സ്ഥലങ്ങളിൽ തട്ടുകയാണെന്നും ആരോപണമുണ്ട്. ഇന്നലെ കൗൺസിൽ യോഗത്തിലും മാലിന്യപ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു. ജോൺ ഡാനിയേൽ ഉന്നയിച്ച പ്രശ്‌നം മറ്റ് അംഗങ്ങളും ഏറ്റുപിടിച്ചു.
പുതിയ ടെൻഡർ വിളിക്കും
മാലിന്യ പ്രശ്‌നം ഉടൻ പരിഹരിക്കും. അടുത്ത ദിവസം ടെൻഡർ വിളിക്കാനുള്ള നടപടി ആരംഭിക്കും. നിലവിലെ കരാറുകാരന് ഒരു കാരണവശാലും കരാർ നൽകില്ല. നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം കരാറുകാരനാണ്
എം.കെ വർഗീസ്
മേയർ
നഗരത്തിലെ മാലിന്യ സംസ്‌കരണം താറുമാറാണ്. സംസ്‌കരണ പ്ലാന്റുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. കൊവിഡിനിടയിൽ മാലിന്യ നീക്കം പോലും നടത്താൻ സാധിക്കാത്ത ഭരണ സംവിധാനമാണ് കോർപറേഷൻ ഭരിക്കുന്നത്.
രാജൻ പല്ലൻ
പ്രതിപക്ഷ നേതാവ്
നഗരത്തിലെ മാലിന്യ പ്രശ്‌നത്തിൽ കോർപറേഷൻ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് വിലകൽപ്പിക്കണം
പൂർണ്ണിമ സുരേഷ്
ബി.ജെ.പി കൗൺസിലർ