തൃശൂർ: ജനറൽ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി ജില്ലാ കളക്ടർ ഹരിത.വി. കുമാർ. ആശുപത്രിയുടെ വികസന മാസ്റ്റർ പ്ലാൻ, മാസ്റ്റർ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ, നിർമ്മാണം ആരംഭിച്ചിട്ടുള്ള വനിതാശിശു ആശുപത്രിയുടെ പ്രവർത്തനങ്ങൾ എന്നിവയാണ് കളക്ടർ പ്രധാനമായും വിലയിരുത്തിയത്. അടുത്ത ആഴ്ച ആശുപത്രി അധികൃതരുമായി വിശദമായ യോഗം ചേരും.
4.3 ഏക്കർ വിസ്തൃതിയിലുള്ള ജനറൽ ആശുപത്രിയിലെ പ്രധാന ബ്ലോക്കിൽ 100 കോടി രൂപയുടെ വികസനമാണ് ഉദ്ദേശിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. വനിതാ ശിശു ആശുപത്രി പൊതുമരാമത്ത് വകുപ്പാണ് നിർമ്മിക്കുന്നത്. ഇവിടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഡി.ഐ.സി, പാലിയേറ്റീവ് സെന്റർ, ആരോഗ്യകേരളം ഓഫീസുകളും ഇതിനടുത്താണ്. ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ രൂപരേഖയും കളക്ടർ വിലയിരുത്തി. മാസ്റ്റർ ബ്ലോക്കിൽ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനമുൾപ്പടെയുള്ളവയും മെഡിക്കൽ ഗ്യാസ് സജ്ജീകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളും കളക്ടർ ചോദിച്ചറിഞ്ഞു.
ആശുപത്രി സൂപണ്ട് ഡോ. ടി.ബി. ശ്രീദേവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനൂപ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. പ്രേംകുമാർ, ഡി.പി.എം ഡോ. രാഹുൽ, ചീഫ് ആർക്കിടെക്റ്റ് (ഹൈറ്റ്‌സ്) ദിൽറാണി ഗോപാൽ, ടെക്‌നിക്കൽ മെമ്പർ ശ്രീകണ്ഠൻ നായർ, ഡോ. രമേഷ്, ഡോ. ടോണി എന്നിവർ കളക്ടർക്ക് ഒപ്പം ഉണ്ടായിരുന്നു.