ചാലക്കുടി: ജല അതോറിറ്റിയുടെ കൂടപ്പുഴ പമ്പിംഗ് സ്റ്റേഷനിൽ ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിക്കുന്ന പദ്ധതി (യു.ജി പദ്ധതി) ഇപ്പോഴും ഫയലിൽ ഉറങ്ങുന്നു. വൈദ്യുതി വിതരണത്തിൽ നിരന്തരമുണ്ടാകുന്ന തടസം മൂലം ചാലക്കുടിയിലെ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് കുടിവെള്ളം മുട്ടുന്ന ദുരവസ്ഥയ്ക്ക് പരിഹാരമായാണ് 5 വർഷം മുമ്പ് യു.ജി കേബിൾ സംവിധാനത്തെക്കുറിച്ച് ആലോചനകൾ തുടങ്ങിയത്. അന്നത്തെ എം.എൽ.എയുടെ നിർദ്ദേശപ്രകാരം ഇതിനായി കെ.എസ്.ഇ.ബി എസ്റ്റിമേറ്റും തയ്യാറാക്കി. കൂടപ്പുഴ പൗവർ ഹൗസ് മുതൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് വരെ ഒരു കിലോമീറ്റർ ദൂരം അണ്ടർ കേബിൾ വലിക്കുന്നതിന് 37.80 ലക്ഷം രൂപ ചെലവ് വരുമെന്ന് കണ്ടെത്തിയിരുന്നു. പ്രസ്തുത എസ്റ്റിമേറ്റ് ഇരിങ്ങാലക്കുട ഡിവിഷൻ ഓഫീസ് മുഖേന ജല അതോറിറ്റിയുടെ ഹെഡ് ഓഫീസിലേക്കും അയച്ചു. എന്നാൽ ഇതുവരേയും അനുമതി ലഭിച്ചിട്ടില്ല. വൈദ്യുതി തകറാറ് മൂലം കുടിവെള്ള പമ്പിംഗും ശുചീകരണവും മുടങ്ങുന്നത് കൂടപ്പുഴയിൽ നിത്യസംഭവമാണ്. നഗരസഭയിലെ ആറായിരത്തിലധികം വരുന്ന ഉപഭോക്താക്കൾ ഇതുമൂലം അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. പിന്നാക്ക പ്രദേശമായ ഉറുമ്പൻകുന്നിലേക്കും താണിപ്പാറ ടാങ്ക് വഴി വെള്ളം എത്തുന്നതും കൂടപ്പുഴയിൽ നിന്നാണ്. ഇവരുടെ എല്ലാം വർഷങ്ങളായുള്ള പ്രശ്‌നമാണ് യു.ജി കേബിൾ നിലവിൽ വന്നാൽ പരിഹരിക്കപ്പെടുക. പഴയ എസ്റ്റിമേറ്റ് ഇപ്പോൾ പുതുക്കേണ്ട സാഹചര്യമുണ്ട്. എന്നാൽ നിലവിലുള്ളതിന് അംഗീകാരം ലഭിച്ചാൽ തുടർ നടപടികൾ എളുപ്പമാകുമെന്നാണ് ജല അതോറ്റി ഉദ്യോഗസ്ഥർ പറയുന്നത്.