വരന്തരപ്പിള്ളി: കാട്ടാന ശല്യം രൂക്ഷമായ പാലപ്പിള്ളി മേഖലയിൽ വനംവകുപ്പിന്റെ അടിയന്തര സേവനം ലഭ്യമാക്കുന്നതിനായി എലിഫന്റ് സ്‌പെഷൽ സ്‌ക്വാഡ് സേവനവും ഫോറസ്റ്റ് ഔട്ട്‌പോസ്റ്റും നാളെ പ്രവർത്തനമാരംഭിക്കും. കാട്ടാനകളിൽ നിന്നും മറ്റ് വന്യജീവികളിൽ നിന്നും പ്രദേശവാസികളെ സംരക്ഷിക്കുന്നതിന് സജ്ജമാക്കിയ ഔട്ട്‌പോസ്റ്റിൽ മൂന്ന് ജീവനക്കാരുടെ സേവനവും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം സുഗമമാക്കാൻ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്.
മേഖലയിൽ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌പെഷൽ സ്‌ക്വാഡിന്റെ സേവനവും ഫോറസ്റ്റ് ഔട്ട്‌പോസ്റ്റും സജ്ജമാക്കിയത്.
വർഷങ്ങൾ പഴക്കമുള്ള ഔട്ട്‌പോസ്റ്റ് കെട്ടിടം വനംവകുപ്പ് ഒരുലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. 500 ചതുരശ്ര അടി വിസ്തീർണത്തിൽ ഉള്ള കെട്ടിടത്തിൽ ഓഫീസ് മുറിയും രാത്രി കാലത്ത് ജീവനക്കാർക്ക് താമസിക്കുന്നതിനായി കിടപ്പുമുറിയും അടുക്കളയും സജ്ജമാക്കിയിരിക്കുന്നു.
ഔട്ട്‌പോസ്റ്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സംബുദ്ധ മജൂംദാർ തുടങ്ങിയവർ പങ്കെടുക്കും.
സ്‌ക്വാഡിന്റെ സേവനം
പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് കീഴിൽ വരുന്ന എലിക്കോട്, അക്കരപ്പാടി, കുണ്ടായി എന്നിവിടങ്ങളിലെ പാഡികളിൽ താമസിക്കുന്ന നൂറോളം വരുന്ന ടാപ്പിംഗ് തൊഴിലാളികൾക്ക് ഔട്ട്‌പോസ്റ്റ് സേവനം ലഭ്യമാകുന്നതോടെ കാട്ടാന ഭീതിയില്ലാതെ ജോലിചെയ്യാം. എലിക്കോട്, ചക്കിപ്പറമ്പ് പ്രദേശത്തെ 50 ഓളം വരുന്ന ആദിവാസി കുടുംബങ്ങൾക്കും സ്‌ക്വാഡിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
എലിക്കോട് ആദിവാസി കോളനിക്ക് ചുറ്റും വൈദ്യുതി വേലി നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്
- കെ.പി. പ്രേംഷമീർ, പാലപ്പിള്ളി റേഞ്ച് ഓഫീസർ