1
തെക്കുംകരയിൽ വീടിന് മുന്നിൽ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾ.


വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളടക്കമുള്ള നിരവധിപേർക്ക് നായ്ക്കളുടെ കടിയേറ്റിരുന്നു. ഭക്ഷണം കിട്ടാതെ വരുമ്പോൾ ഇവ ആളുകളെയും വളർത്ത് മൃഗങ്ങളെയും അക്രമിക്കുന്നത് പതിവായിട്ടുണ്ട്. കൂട്ടംകൂടിയെത്തിയാണ് ഇവ അക്രമിക്കുന്നത്. നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും പേടിയാണ്. വീടുകളിലും റോഡുകളിലും നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതിനാൽ ഏറെ പണിപ്പെട്ടാണ് ജനം പുറത്തിറങ്ങുന്നത്. അലഞ്ഞ് തിരിഞ്ഞു നടക്കുന്ന നായ്ക്കളായതിനാൽ പേവിഷ ബാധ ഏൽക്കാനും സാദ്ധ്യതയുണ്ട്. സംഭവം നിരവധി തവണ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർക്ക് പരാതിപ്പെടുന്നു.
തെരുവുനായ്ക്കളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് നിയമം തടസ്സമാകുന്ന സാഹചര്യത്തിൽ ഇവ പെറ്റുപെരുകുന്നതിൽ നിയന്ത്രണമേർപ്പെടുത്താൻ പഞ്ചായത്തുകളിൽ അനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം നടപ്പാക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്താണ് എ.ബി.സി. പ്രോഗ്രാം നടപ്പാക്കുക. പഞ്ചായത്ത് ഇതിനായി ജില്ലാ പഞ്ചായത്തിൽ ആവശ്യപ്പെടണം. ഇതിനായുള്ള പണം പഞ്ചായത്തുകൾ വഹിക്കണം. ഓരോ പഞ്ചായത്തിലും ഇതിനായി പ്രത്യേകം തുക സർക്കാർ അനുവദിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളെ പിടികൂടി വന്ധീകരിച്ച് ഏഴു ദിവസം നായ്ക്കൾക്ക് സുഖചികിത്സ നൽകി വിട്ടയക്കുന്നതാണ് പദ്ധതി.

തെക്കുംകര പഞ്ചായത്തിലെ തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കാൻ നിയമത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് വേണ്ട നടപടികൾ സ്വീകരിക്കും.
ടി.വി സുനിൽകുമാർ (തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ്)