guruvayoor

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബഹുനില പാർക്കിംഗ് സമുച്ചയത്തിൽ പാർക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരായി ഉയർത്തുന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ്. പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി 18.5 കോടി രൂപയാണ് കേന്ദ്ര സർക്കാർ ലഭ്യമാക്കിയത്. 100 കോടി രൂപ മതിപ്പ് വിലയുള്ള, ദേവസ്വം പൊന്നും വിലകൊടുത്ത് വാങ്ങിയ രണ്ടേക്കർ സ്ഥലത്താണ് പാർക്കിംഗ് സമുച്ചയം പണിതിട്ടുള്ളത്. സമുച്ചയം നിർമ്മിക്കുന്നതിന് മുമ്പ് ഇവിടെ ഒരേ സമയം 150ലേറെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. അവരിൽ നിന്ന് ഫീസും ഈടാക്കിയിരുന്നു. പാർക്കിംഗ് സമുച്ചയം പണിതതോടുകൂടി 300 വാഹനങ്ങളായി വർദ്ധിക്കുകയാണുണ്ടായത്. സമുച്ചയം നിർമ്മിക്കാൻ മുഴുവൻ ഫണ്ടും കേന്ദ്രസർക്കാർ നൽകിയിട്ടില്ല. രണ്ട് കോടിയോളം രൂപ ദേവസ്വം ഫണ്ടിൽ നിന്നും വകയിരുത്തി. ഫീസ് ഈടാക്കിയാൽ അത്യാവശ്യ സമയങ്ങളിൽ മാത്രമേ വാഹനങ്ങൾ സമുച്ചയത്തിൽ നിറുത്തുകയുള്ളൂ. ഇല്ലെങ്കിൽ ആദ്യം വരുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യുകയും പിന്നീട് വരുന്നവർക്ക് സൗകര്യം ലഭിക്കാതെയും വരും. സൗജന്യമാക്കിയാൽ തദ്ദേശീയരും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റും സമുച്ചയത്തിൽ സ്ഥിരമായി പാർക്ക് ചെയ്യാനും സാധ്യതയുണ്ട്. വൈദ്യുതി, വെള്ളം എന്നിവയ്ക്കും സെക്യൂരിറ്റി ജീവനക്കാരുടെ വേതനത്തിനും ദേവസ്വത്തിന് വലിയ ചെലവ് വരുന്നതാണ്. പ്രസാദ് പദ്ധതിയിലുൾപ്പെടുത്തി ഫണ്ട് അനുവദിച്ചപ്പോൾ പാർക്കിംഗ് ഫീസ് ഈടാക്കരുതെന്ന് യാതൊരു നിബന്ധനയും നിഷ്‌കർഷിച്ചിട്ടില്ല. ഇതെല്ലാം പരിഗണിച്ചാണ് ഫീസ് ഈടാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചതെന്ന് ചെയർമാൻ വ്യക്തമാക്കി.

വർഷങ്ങളായി കിഴക്കേനടയിൽ പ്രതിഫലം നൽകി ഉപയോഗിച്ചിരുന്നതും ദേവസ്വത്തിന് 60 ലക്ഷം രൂപ വരുമാനമുണ്ടായിരുന്നതുമായ ശൗചാലയം ഈ അടുത്ത കാലത്താണ് രാജ്യാന്തര നിലവാരത്തിലേക്കുയർത്തി സൗജന്യമായി ഭക്തർക്ക് തുറന്നുകൊടുത്തത്. ദേവസ്വം ഭരണസമിതിക്കെതിരെ ദുരാരോപണങ്ങൾ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യങ്ങൾ ഭക്തർ മനസ്സിലാക്കുന്നുണ്ടെന്നും ദേവസ്വം ചെയർമാൻ പ്രസ്താവനയിൽ പറഞ്ഞു .