ചാവക്കാട്: സംയോജിത ശിശു വികസന സേവന പദ്ധതിയുടെ 46-ാം വാർഷികത്തോടനുബന്ധിച്ച് ചാവക്കാട് നടക്കുന്ന ഐ.സി.ഡി.എസ് സേവന പ്രദർശനത്തിൽ മാതൃകാ അംഗൻവാടി ഒരുക്കി ശ്രദ്ധ നേടുകയാണ് എൻ.എ ഗീത ടീച്ചർ. ചാവക്കാട് മണത്തല ദ്വാരക ബീച്ച് 93-ാം നമ്പർ അംഗൻവാടിയുടെ മാതൃകയാണ് പ്രദർശനത്തിൽ വേറിട്ടതാകുന്നത്. തെർമോക്കോൾ കൊണ്ട് നിർമ്മിച്ച അംഗൻവാടി മാതൃകയിൽ കളിമുറ്റം, കുട്ടികൾക്കുള്ള മുറി, അടുക്കള, മീറ്റിംഗ് ഹാൾ, ഔഷധത്തോട്ടം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വയോമിത്രം, ജാഗ്രതാ സമിതി എന്നിവയുടെ ബോർഡുകളും അംഗൻവാടി മാതൃകയിൽ തീർത്തിട്ടുണ്ട്. അംഗൻവാടിയുടെ വലിയൊരു മാതൃകയാണ് ഭാവി തലമുറയ്ക്ക് കാട്ടി നൽകുന്നതെന്ന് മികച്ച അംഗൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് നേടിയ പി.ആർ ഷീല പറഞ്ഞു.