ചാലക്കുടി: തുമ്പൂർമുഴി റിവർ ഗാർഡൻ ഓഫീസിൽ ഡി.എം.സി തീരുമാനമില്ലാതെ താത്ക്കാലിക ജീവനക്കാരനെ നിയമിച്ച എം.എൽ.എയുടെ നടപടി ഡി.എഫ്.ഐ പ്രവർത്തകർ തടഞ്ഞതോടെ തീരുമാനം മാറ്റി സെക്രട്ടറി. വിനോദ സഞ്ചാര വിഭാഗത്തിന്റെ ചുമതലക്കാരനായി കൊടകര സ്വദേശിയായ യുവാവാണ് വെള്ളിയാഴ്ച ജോലിക്കെത്തിയത്. എം.എൽ.എ നിയമിച്ചെന്നും ഇനിയുള്ള കാര്യങ്ങളുടെ ചുമതല തനിക്കാണെന്നും യുവാവ് മറ്റ് ജീവനക്കാരോട് പറഞ്ഞു. ഇതറിഞ്ഞ് ഡി.എം.സി അംഗങ്ങളായ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിജേഷ് അടമുള്ളവർ സ്ഥലത്തെത്തി. എം.എൽ.എ, ജില്ലാ സെക്രട്ടറി എന്നിവരുമായി ഇവർ ബന്ധപ്പെട്ടപ്പോഴും ഇക്കാര്യം ശരിവക്കുന്നതായിരുന്നു മറുപടി. കമ്മിറ്റിയിൽ തീരുമാനമെടുക്കാതെ നിയമനം പാടില്ലെന്ന വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടും സെക്രട്ടറി വഴങ്ങിയില്ലെന്ന് പറയുന്നു. തുടർന്നാണ് പഞ്ചായത്തിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ രംഗ പ്രവേശം. നിയമനം അംഗീകരിക്കില്ലെന്ന് പ്രവർത്തകർ ശഠിച്ചതോടെ സെക്രട്ടറി തീരുമാനം മാറ്റി. അടുത്ത ദിവസം കമ്മിറ്റി യോഗം ചേർന്ന് പ്രശ്‌നം ചർച്ച ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി.