ചേലക്കര: പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ 5 ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനായി 17 .13 കോടി രൂപ അനുവദിച്ചതായി രമ്യ ഹരിദാസ് എം.പി അറിയിച്ചു. പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ പുഞ്ചപ്പാടം കുമ്പളക്കോട് റോഡ് 2.80 കോടി, അടാട്ട് ഗ്രാമപഞ്ചായത്തിലെ മാനിടംപാടം റോഡ് 2.43 കോടി, അവണൂർ-കോലഴി ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട കോളങ്ങാട്ടുകര-കൊട്ടേക്കാട് റോഡ് 2.28 കോടി രൂപ, തെക്കുംകര ഗ്രാമപഞ്ചായത്തിലെ പുന്നംപറമ്പ് മണലിത്തറ-ചെന്നിക്കര റോഡ് 4.60 കോടി, പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ പിലാപ്പുള്ളി മണിയമ്പാറ-കൂതലക്കാട് റോഡ് 3 .59 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. ഈ റോഡുകളുടെ തുടർവർഷങ്ങളിലെ അറ്റകുറ്റ പണികൾക്കായി 1.40 കോടി രൂപയും കൂടി അനുവദിച്ചിട്ടുണ്ടെന്നും എം.പി അറിയിച്ചു.