പാവറട്ടി: തൃശൂർ-പറപ്പൂർ, പാവറട്ടി-ചാവക്കാട്-ഗുരുവായൂർ റൂട്ടിലെ ഫെയർ സ്റ്റേജ് നിരക്ക് അശാസ്ത്രീയമായാണ് നിശ്ചയിക്കുന്നതെന്ന വാദവുമായി പൊതുപ്രവർത്തകൻ തോളൂർ സ്വദേശി പി.ഒ സെബാസ്റ്റ്യൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ വിവരാവകാശ കമ്മീഷണർ പി.ആർ ശ്രീലത ഒക്ടോബർ 13 ന് പരാതി കേൾക്കും. കൊവിഡിന്റെ സാഹചര്യത്തിൽ ഫോൺ വഴിയാണ് പരാതി കേൾക്കുന്നത്.
1973ലെ ഫെയർ സ്റ്റേജിന്റെ അടിസ്ഥാനത്തിലല്ല ബസ് ചാർജ് വർദ്ധിപ്പിക്കുന്നതെന്നും ബസുടമകളും ഉദ്യോഗസ്ഥരും ചേർന്ന് നിയമ വിരുദ്ധമായാണ് നടപ്പിലാക്കുന്നതെന്നും ചൂണ്ടിക്കാട്ടി സെബാസ്റ്റ്യൻ 30 വർഷമായി പോരാട്ടത്തിലാണ്.
1973 ന് ശേഷം ഫെയർ സ്റ്റേജ് മാറ്റി ഉത്തരവ് ഇറക്കണമെങ്കിൽ പൊതുജനങ്ങളെയും ബന്ധപ്പെട്ടവരെയും അറിയിച്ചതിന് ശേഷമേ കഴിയൂ. എന്നാൽ ഫെയർ സ്റ്റേജ് മാറ്റാതെയാണ് ബസ് ചാർജ് വർദ്ധിപ്പിക്കുന്നത്. മാത്രമല്ലാ ഫെയർ സ്റ്റേജ് കണക്കാക്കുന്നത് തൃശൂർ ടൗണിലെ സ്വരാജ് റൗണ്ട് ആദാരമാക്കിയാണ്. ബസ് സ്റ്റാൻഡുകൾ കണക്കാക്കിയല്ല ഫെയർ സ്റ്റേജ് തീരുമാനിക്കേണ്ടതെന്നും നിയമവിരുദ്ധമായാണ് ഫെയർ സ്റ്റേജ് കണക്കാക്കുന്നതെന്നും സെബാസ്റ്റ്യൻ ആരോപിച്ചു. ഫെയർ സ്റ്റേജുകൾ തമ്മിലുള്ള വ്യത്യാസം രണ്ടര കിലോമീറ്റർ ദൂരമാണ്. അയ്യന്തോൾ മുതൽ മുതുവറ വരെ ഒരു സ്റ്റേജ് ആണ്. അത് തമ്മിലുള്ള വ്യത്യാസം 1.25 കിലോമീറ്ററാണ്. ചിറ്റിലപ്പിള്ളി മുതൽ മുള്ളൂർ വഴി വരെയും 1.25 കിലോമീറ്റർ ദൂരമേ ഉള്ളൂ. രണ്ട് ഫയര്‍സ്റ്റേജുകൾ നിയമവിരുദ്ധമായി കൂട്ടിചേർത്തു എന്നാണ് പി.ഒ സെബാസ്റ്റ്യന്റെ പരാതി.