തൃശൂർ: കണ്ണൻകുളങ്ങര ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ലെന്ന് പരാതിപ്പെട്ട് ബൾബ് മാലയുമായി കൗൺസിൽ യോഗ നടുത്തളത്തിലിറങ്ങി കോൺഗ്രസിലെ മുകേഷ് കുളപറമ്പിലിന്റെ പ്രതിഷേധം. കഴുത്തിലണിഞ്ഞ ബൾബുകൾ അപകടഭീഷണിയുണ്ടാക്കുമെന്നും പൊട്ടിത്തെറിയുൾപ്പെടെ പ്രശ്‌നമുണ്ടായാൽ മുകേഷ് മാത്രമാകും ഉത്തരവാദിയെന്നും മേയർ ചൂണ്ടിക്കാട്ടി. വഴിവിളക്കുകൾ കത്തിക്കാമെന്ന ഉറപ്പിൽ പിന്നീട് സമരം നിർത്തി. തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന പരാതി പല കൗൺസിലർമാരും ഉന്നയിച്ചു.
സ്ഥിരം സമിതിയുടെ ചുമതലകൾ അതത് അദ്ധ്യക്ഷന്മാർ നിർവഹിക്കണമെന്ന് മേയർ ഓർമിപ്പിച്ചു. പരസ്യബോർഡുകൾ നീക്കാനുള്ള ഹൈക്കോടതി വിധി നടപ്പാക്കാത്തതിൽ ആസൂത്രണസമിതി നടപടിയെടുത്തില്ലെന്ന് മേയർ പറഞ്ഞു. സമിതി അദ്ധ്യക്ഷൻ ജോൺ ഡാനിയേൽ ഇത് സംബന്ധിച്ച് വിമർശനമുയർത്തിയപ്പോഴായിരുന്നു പ്രതികരണം.
പൊതുമരാമത്ത് കമ്മിറ്റിയിൽ ഫയലുകൾ വച്ചു താമസിപ്പിക്കുന്നുവെന്നു ചിലർ കുപ്രചരണം നടത്തുന്നതായി സമിതി അദ്ധ്യക്ഷ ഷീബ ബാബു പറഞ്ഞു. ഫയലുകൾ അതത് സമിതികളാണ് തീർപ്പാക്കുകയെന്നും ഒറ്റപ്പെട്ട വീഴ്ചകളുണ്ടായാൽ തിരുത്താവുന്നതാണെന്നും ഭരണമുന്നണി നേതാവ് പി.കെ ഷാജൻ പറഞ്ഞു. പറവട്ടാനിയിലെ ചെമ്പ് കമ്പി മോഷണകേസിൽ അന്വേഷണം എവിടെയുമെത്തിയില്ലെന്ന് കെ.രാമനാഥൻ ചൂണ്ടിക്കാട്ടി. അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെടാൻ കൗൺസിൽ തീരുമാനിച്ചു.
ട്രാഫിക് പരിഷ്‌കരണം'ബ്ലോക്കാ'ക്കണം
നഗരത്തിൽ ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്‌കാരത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് മേയർ അറിയിച്ചു. മേയറുടെ നിലപാട് കഴിവുകേട് മറച്ചുവെക്കാൻ വേണ്ടിയാണെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്‌നമാണിതെന്നും നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ച് ചേർക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
റോഡ് അറ്റകുറ്റപ്പണി ഉടൻ
മഴ മാറി നിൽക്കുന്ന വേളയിൽ റോഡുകളുടെ അടിയന്തര അറ്റകുറ്റ പണികൾ നടത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു. അമൃത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സഞ്ചാരത്തിന് ബുദ്ധിമുട്ട് ഉണ്ടായെങ്കിലും കുടിവെള്ളക്ഷാമത്തിന് അറുതി വരുത്താൻ കഴിഞ്ഞതായി മേയർ എം.കെ വർഗീസ് പറഞ്ഞു.