എരുമപ്പെട്ടി: കൊവിഡ് ക്വാറന്റൈൻ കാലം എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമാണ് വേലൂർ സ്വദേശി ശർമ്മ. ജിയുടെ ചിത്രരചന. പത്ത് ദിവസത്തോളം രാപ്പകൽ പ്രയത്‌നിച്ചാണ് 'കബാല' എന്നു പേരിട്ട പുതിയ പെയിന്റിംഗ് അദ്ദേഹം തീർത്തത്. തിരക്ക് പിടിച്ച ജീവിതത്തിൽ ജനങ്ങളുടെ ജീവിത നാൾവഴികളിൽ വന്ന് ഭവിച്ച കൊവിഡ് മഹാമാരിയും ക്വാറന്റൈനും ഒരുപാട് മാനസിക സംഘർഷങ്ങിലേയ്ക്കാണ് നയിച്ചത്. വായനയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പലരും അതിനെ മറിന്നു. ക്വാറന്റൈൻ കാലഘട്ടത്തെ എങ്ങനെ ക്രിയാത്മകമായി പരിവർത്തനം ചെയ്യാം എന്നതിന്റെ ചിത്ര ഭാഷയാണ് ശർമ്മ.ജിയുടെ കബാല. അറിവുകൾക്ക് അതീതമായ അറിവ് എന്നാണ് ജൂതഭാഷയിൽ കബാലയുടെ അർത്ഥം. മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്തന്നെ ചിത്രകലാരംഗത്ത് സജീവമായ ശർമ്മ.ജി അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ കൂടിയാണ്. തെരിക ചിത്രകലാക്യാമ്പിന്റെ സംഘടകനും കേരള ലളിതകലാ അക്കാഡമിയുമായി സഹകരിച്ച് നടത്തിയ ഗ്രാമകം നാടകോത്സവത്തിലെ ചിത്രകലാക്യാമ്പിൽ ക്രിയേറ്റീവ് കോൺട്രിബൂഷൻ കമ്മിറ്റി ചെയർമാനുമായിരുന്നു. വിശിഷ്ട വ്യക്തികൾക്ക് അവരുടെ ഛായാചിത്രങ്ങൾ പെൻസിൽ സ്‌കെച്ചായി നൽകുവാൻ നാട്ടിൽ ശർമ്മയെ സമീപിക്കുന്നവർ നിരവധി. നൂറുകണക്കിന് പെൻസിൽ സ്‌കെച്ച് കൊണ്ടാണ് വേലൂരിലെ അദ്ദേഹത്തിന്റെ സ്റ്റുഡിയോ അലങ്കരിച്ചിരിക്കുന്നത്. കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) വടക്കാഞ്ചേരി ഏരിയാ പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി വേലൂർ യൂണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഭാര്യ: ബിന്ദു ശർമ്മ (വേലൂർ പഞ്ചായത്തംഗം, കേരള ബ്യൂട്ടീഷ്യൻ ഓണേഴ്‌സ് സമിതി ഏരിയാ ട്രഷറർ). മക്കൾ: അനന്യ, അനംഷിത്.
ഒരു സ്ഥാപനവും പൂട്ടുകൾ മാത്രമായി ഉത്പ്പാദിപ്പിക്കുന്നില്ല. താക്കോലുകൾ കൂടി ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ട്. കൊവിഡ് മഹാമാരിയെ എങ്ങനെ ക്രിയാത്മകമായി മറികടക്കാമെന്നതിന്റെ ഉദാഹരണമാണ് കബാല.
ശർമ്മ.ജി