പാവറട്ടി: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മദ്ധ്യവയസ്‌ക മരിച്ച വിവരം അവരെ അവിടെയെത്തിച്ച പഞ്ചായത്ത് അധികൃതരെ അറിയിക്കാതിരുന്ന ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എളവള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ജെ സ്റ്റാൻലി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി. എളവള്ളി ഉല്ലാസ് നഗറിൽ കാലിൽ പുഴുവരിച്ച നിലയിൽ വീട്ടുകാരുടേയും ബന്ധുക്കളുടേയും സംരക്ഷണമില്ലാതെ റോഡരികിൽ കിടന്നിരുന്ന ഗീത(55)യെ പഞ്ചായത്തും സാമൂഹിക്ഷേമ വകുപ്പും ചേർന്നാണ് അഭയാ കേന്ദ്രത്തിൽ എത്തിച്ചത്. മെഡിക്കൽ കോളേജിൽ തുടർചികിത്സക്കിടെ ഗീത സെപ്തംബർ 22 ന് മരിച്ചു. എന്നാൽ മരണ വിവരം ഗീതയെ കൈമാറിയ പഞ്ചായത്ത് അറിഞ്ഞത് പത്രത്തിൽ കണ്ട അജ്ഞാത മൃതദേഹത്തിന്റെ വാർത്തയിലൂടെയായിരുന്നു.