munder

തൃശൂർ : മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1800 മീറ്റർ റോഡിൽ 22 മീറ്റർ വീതി വർദ്ധിപ്പിച്ച് നാലുവരിപ്പാത ആക്കാനായുള്ള റോഡ് വികസനം ജന വിരുദ്ധമാണെന്ന് റോഡ് വികസന ആക്ഷൻ കൗൺസിൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ നിർദേശപ്രകാരം റോഡിന്റെ വീതി വർദ്ധിപ്പിക്കാൻ ആവശ്യമായ അക്വിസിഷൻ നടപടികൾക്ക് 50 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിട്ടും റോഡ് വീതി വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ ആരംഭിക്കാത്തത് ദുരൂഹമാണെന്ന് യോഗം കുറ്റപ്പെടുത്തി.

റോഡ് വികസന ആക്ഷൻ കൗൺസിൽ നടത്തിയ നിരവധി സമരങ്ങളുടെയും നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് മുണ്ടൂരിലെ കുപ്പി കഴുത്ത് മാറ്റി റോഡ് വീതി വർദ്ധിപ്പക്കേണ്ടത് ആവശ്യമാണ് എന്ന നിലപാടിൽ അധികാരികൾ എത്തിയത്. തൃശൂർ മുതൽ കുറ്റിപ്പുറം വരെയുള്ള കെ.എസ്.ഡി.പി നടത്താൻ പോകുന്ന റീടാറിംഗ് പ്രവർത്തനത്തിൽ റോഡ് വീതി വർദ്ധിപ്പിക്കുന്ന പദ്ധതി ഇല്ല. റോഡ് വീതി വർദ്ധിപ്പിക്കാതെ ഈ ഭാഗത്ത് കാന നിർമ്മിക്കുന്നത് മനുഷ്യജീവൻ ഇനിയും പൊലിയാൻ ഇടയാക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പ് ഡെയ്ഞ്ചർ സോൺ ആയി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലത്ത് റോഡ് വീതി വർദ്ധിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.പി സൈമൺ അദ്ധ്യക്ഷത വഹിച്ചു. മുൻ പുഴക്കൽ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി കുര്യാക്കോസ്, ആക്ഷൻ കൗൺസിൽ ജനറൽ ജോയിന്റ് കൺവീനർ ജോൺസൺ ജോർജ്, ബി.ജെ.പി നയോജകമണ്ഡലം പ്രസിഡന്റ് കെ.എൻ.വിനയകുമാർ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഓ. ഡി.തോമസ്, എ.കെ.സി.സി പ്രസിഡന്റ് അഡ്വ. ജോഷി കുര്യാക്കോസ്, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.കെ അഷ്‌റഫ് എന്നിവർ സംസാരിച്ചു.