vadakkechira

തൃശൂർ: നഗരത്തിലെ ജലസമ്പത്തായ വടക്കേച്ചിറയിൽ നടന്നു വന്നിരുന്ന പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയായി. നവീകരിച്ച വടക്കേച്ചിറയുടെ ഉദ്ഘാടനം 10ന് വൈകിട്ട് 6ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിക്കും.
മൂന്ന് ഏക്കറിലധികം വിസ്തീർണ്ണമുള്ള വടക്കേച്ചിറയുടെ പടവുകൾ ശരിയാക്കി, ചിറയിലെ ചളി നീക്കി, വെള്ളം കെമിക്കൽ ട്രീറ്റ്‌മെന്റ് ചെയ്ത് ശുദ്ധീകരിച്ചു. മതിലുകളുടെ വശങ്ങളിൽ നിന്നുമുള്ള അഴുക്കുചാലുകളിലെ മാലിന്യം കലർന്ന ജലം ചിറയിൽ പ്രവേശിക്കുന്നത് തടയാനും ചിറയിൽ നിന്ന് അധികജലം പുറത്തുപോകാനുമുള്ള സംവിധാനങ്ങളും പുനരുദ്ധാരണത്തിന്റെ ഭാഗമായി ചെയ്തിട്ടുണ്ട്. ചിറയുടെ നാല് ഭാഗത്തുമുള്ള മതിൽ ബലപ്പെടുത്തി ചിറയ്ക്ക് ചുറ്റും പൂന്തോട്ടവും പുതിയ എൽ.ഇ.ഡി. അലങ്കാര ദീപവും സ്ഥാപിച്ചു. ചിറയിൽ രണ്ട് ഫൗണ്ടനും സ്ഥാപിച്ചിട്ടുണ്ട്.
ചിറയെ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാക്കുന്ന രീതിയിൽ പൊതുജനങ്ങൾക്ക് കുടുംബസമേതം ചിറയുടെ വശങ്ങളിൽ ഇരിക്കാനും ചിറയുടെ സൗന്ദര്യം ആസ്വദിക്കാനുമായി ഇരിപ്പിടങ്ങളും ചിറയുടെ വശങ്ങളിൽ ഒരുക്കി. ഒരു ലഘു സസ്യഭക്ഷണശാലയും ഇവിടെ പ്രവർത്തിക്കും. ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി , മേയർ എം.കെ. വർഗ്ഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ , കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ എന്നിവർ പങ്കെടുക്കും.

ജലസവാരിക്ക് 4 ഫൈബർ ബോട്ട്

ചിറയിൽ ജലസവാരിക്കായി സ്വയം പെഡൽ ചെയ്യാവുന്ന തരത്തിൽ 4 ഫൈബർ നിർമ്മിത ബോട്ട് സൗകര്യവുമുണ്ട്. ബോട്ടിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി സുരക്ഷിത കവചവും (ജാക്കറ്റ്), അംഗീകൃത സർട്ടിഫിക്കറ്റുള്ള ഒരു സുരക്ഷാ ഗാർഡിന്റെ സേവനവും ലഭ്യമാക്കും. കൊച്ചി രാജകുടുംബവുമായി ബന്ധപ്പെട്ട് ചരിത്രം ഉറങ്ങിക്കിടക്കുന്ന വടക്കേച്ചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സ്‌പോൺസർ ചെയ്തത് കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമനാണ്.