തൃശൂർ: സമ്പന്നരും നഗരവാസികളും ആർഭാടത്തോടെ ആഘോഷിക്കുന്ന ടർഫിലെ കാൽപ്പന്താരവം പട്ടിലുംകുഴിയെന്ന ഉൾഗ്രാമത്തിനും സ്വന്തം. ടർഫ് ഫുട്ബാൾ ഗ്രൗണ്ടിനായി നാടൊന്നായി രംഗത്തിറങ്ങുകയായിരുന്നു. നൂറോളം ചെറുപ്പക്കാരും മുതിർന്നവരുമെല്ലാം ചേർന്നാണ് നാട്ടിൽ ടർഫ് കോർട്ട് നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയത്. കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന ഗ്രാമവാസികൾക്ക് ടർഫ് കോർട്ടിന്റെ ചെലവ് താങ്ങാനാവില്ലായിരുന്നു. ഇതിനായി കുട്ടികളും ചെറുപ്പക്കാരും മുതിർന്നവരും ചേർന്ന് ക്ലബ്ബ് രൂപീകരിച്ചു. നാട്ടുകാരിൽ നിന്നും അദ്യുദയകാംക്ഷികളിൽ നിന്നും പണം ശേഖരിച്ചു. സമ്മാനകൂപ്പൺ വഴിയും തുക സ്വരൂപിച്ചു. അങ്ങനെ സ്ഥലം വാങ്ങി. സ്ഥലത്ത് കോൺക്രീറ്റ് ഭിത്തികെട്ടി, വലവിരിച്ചു. ഇനി ടർഫ് കൂടി വിരിക്കണം. സ്‌പോർട്‌സ് പ്രേമികളുടെ സഹായത്തോടെ അതും പൂർത്തീകരിക്കാനാകുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
അഡ്വ. ഷാജി കോടങ്കണ്ടത്ത്, മുൻ ഡെപ്യൂട്ടി കളക്ടർ കെ. ഗംഗാധരൻ, യാക്കോബ് പയ്യപ്പിള്ളി എന്നിവർ രക്ഷാധികാരികളായാണ് ക്‌ളബ് രൂപീകരിച്ചത്. പട്ടിലുംകുഴിയിലും പരിസരഗ്രാമങ്ങളിലും ഉളളവർക്ക് ഇവിടെ സൗജന്യമായി കളിക്കാം.
ഇച്ഛാശക്തിയുടെ പട്ടിലുംകുഴി
പീച്ചി ഡാമിന് സമീപത്തുള്ള പട്ടിലുംകുഴിയുടെ ഇച്ഛാശക്തി പ്രദേശത്തെ പാലത്തിന്റെയും തടയണയുടെയും കാര്യത്തിൽ ദൃശ്യമായതാണ്. നിയമപോരാട്ടം വഴിയാണ് 8 കോടിയുടെ പാലവും തടയണയും ഗ്രാമവാസികൾ നാട്ടിലെത്തിച്ചത്.
കായികമേഖലയ്ക്ക് കുതിപ്പായി ടർഫുകൾ
ഏതാനും വർഷമായി കായികമേഖലയ്ക്ക് കുതിപ്പാവുകയാണ് ഫുട്‌ബാൾ ടർഫുകൾ. നിരവധി സ്ഥലങ്ങളിൽ അടുത്ത അഞ്ചോ ആറോ വർഷങ്ങളിൽ നിരവധി ടർഫുകളാണ് ഉയർന്നത്. ജോലി കഴിഞ്ഞെത്തി കൂട്ടുകാർക്കൊപ്പം ഇവിടെയെത്തി പുലരുവോളം ഫുട്ബാൾ തട്ടുന്നത് ശീലമാക്കിയവർ ഏറെയാണ്. നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും രാത്രിയിലും ഫ്ളഡ് ലൈറ്റിന്റെയൊക്കെ സാന്നിദ്ധ്യത്തിൽ സെവൻസ് മൈതാനങ്ങൾ വരെ സജ്ജമാണ്. കൊവിഡ് ഇടക്കാലത്ത് ഇവയുടെ പ്രൗഢി കുറച്ചെങ്കിലും ഇളവുകളെത്തിയതോടെ പലതും സജീവമായിത്തുടങ്ങി. പലരും ഇത് വരുമാന മാർഗമായും കാണുന്നുണ്ട്. ഗൾഫിലെ ജോലി വരെ കളഞ്ഞ് നാട്ടിലെത്തി പ്രതീക്ഷകളോടെ ടർഫ് മൈതാനം പണിതവരുണ്ട്. ഈ മൈതാനങ്ങളിൽ ഒരു മണിക്കൂർ കളിക്കാൻ ഒരു ടീം നൽകേണ്ട ഫീസ് ഓരോ ടീമിലെയും കളിക്കാർ പങ്കുവയ്ക്കുന്നതിനാൽ വലിയ ഭാരവും ഉണ്ടാകില്ല.
പട്ടിലുംകുഴി ടർഫ്
ചെലവ്: ഏകദേശം മുപ്പത് ലക്ഷം രൂപ
31 മീറ്റർ നീളം
20 മീറ്റർ വീതി
പൂർത്തിയാക്കിയത്: 80 ശതമാനം നിർമ്മാണം
അധികം ചെലവില്ലാതെ സാധാരണക്കാർക്ക് പോലും ടർഫ് ഗ്രൗണ്ടിൽ ഫുട്‌ബാൾ കളിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. ആഗ്രഹം സഫലീകരിക്കാനാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാർക്ക്.
അഡ്വ. ഷാജി കോടങ്കണ്ടത്ത്