തൃശൂർ: പൊലീസ് ബീറ്റ് സംഘം വെളുപ്പിന് പരിശോധന നടത്തി മടങ്ങിയതിന് പിന്നാലെ എ.ടി.എം മെഷീൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർക്കാൻ ശ്രമം. മെഷീൻ പൊളിക്കാൻ ശ്രമിച്ച ഗ്യാസ് കട്ടറും സിലിണ്ടറും എ.ടി.എം കൗണ്ടറിന് സമീപത്തെ കാനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കനറാ ബാങ്കിന്റെ തിരൂരിൽ പ്രവർത്തിക്കുന്ന മുളങ്കുന്നത്തുകാവ് ശാഖയിലെ എ.ടി.എമ്മാണ് കുത്തിത്തുറക്കാൻ ശ്രമിച്ചത്.
എ.ടി.എമ്മിന്റെ ഒരു ഭാഗം ചൂടാക്കി ഉരുക്കിയിട്ടുണ്ട്. എ.ടി.എം സ്ഥാപിച്ചിരുന്ന മുറിയുടെ ഷട്ടർ താഴ്ത്തിയിരുന്നു. വെളുപ്പിന് അഞ്ചോടെ പത്രം ഏജന്റാണ് മോഷണവിവരം പൊലീസിൽ അറിയിച്ചത്. രാത്രി രണ്ടരയ്ക്കും അഞ്ചിനും ഇടയിലായിരിക്കാം കവർച്ചാശ്രമമെന്ന് പൊലീസ് പറഞ്ഞു. രണ്ട് സി.സി.ടി.വി കാമറകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. കൗണ്ടറിനകത്തെ കാമറയിൽ
ഹെൽമെറ്റും കോട്ടും ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
പുറത്തുള്ള കാമറയിൽ ദൃശ്യം പതിയാതിരിക്കാൻ പെയിന്റ് സ്‌പ്രേ ചെയ്തതായി കണ്ടെത്തി. സുരക്ഷാ അലാം പ്രവർത്തിച്ചില്ല. കവർച്ചാശ്രമത്തിന് പിന്നിൽ പ്രൊഫഷണൽ മോഷ്ടാവ് അല്ലെന്ന നിഗമനത്തിലാണ് പൊലീസ്. റോഡിൽ ആൾ സഞ്ചാരം ഉണ്ടായതിനെ തുടർന്ന് സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് കരുതുന്നത്. അന്വേഷണം വ്യാപിപ്പിച്ചതായും പ്രദേശത്തുള്ള മറ്റ് കാമറകളും പരിശോധിച്ചതായും പൊലീസ് അറിയിച്ചു. തൃശൂർ സിറ്റി എ.സി.പി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.