ചേർപ്പ് : നായ പറമ്പിൽ കയറിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിന് നേരെ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ (സായി) റിട്ട. പരിശീലകൻ വെടിയുതിർത്തു. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. നെടുപുഴ ക്ഷേത്രത്തിന് സമീപം കരുവന്നൂർക്കാരൻ വീട്ടിൽ പ്രേമദാസൻ (63) ആണ് അറസ്റ്റിലായത്. അയൽവാസി ചിരിയംകണ്ടത്ത് വീട്ടിൽ റോഷനുമായായിരുന്നു (28) തർക്കം. യുവാവ് ഒഴിഞ്ഞുമാറിയതിനാൽ അപകടം ഒഴിവായി. 2008 മുതൽ പിസ്റ്റൾ വിഭാഗത്തിലുള്ള തോക്കിന് ലൈസൻസുണ്ട്. പ്രേമദാസൻ ബീഹാറിൽ സായിയിലെ ഹാൻഡ്ബാൾ പരിശീലകനായിരുന്നു. 2017ലാണ് വിരമിച്ചത്. ഭാര്യക്കും മകനുമൊപ്പമാണ് താമസം. ഇരുവീട്ടുകാരും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ പേടിപ്പിക്കാനായി ആകാശത്തേക്ക് വെടിയുതിർത്തതെന്നാണ് പ്രേമദാസൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. നെടുപുഴ പൊലീസ് എസ്.ഐമാരായ എം.വി പൗലോസ്, കെ.ഡി ബാബു, എ.എസ്.ഐ. ശ്രീനാഥ്, സുനിൽ കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.