ചേലക്കര: വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ 6 ന് ആരംഭിക്കുമെന്ന് പട്ടികജാതി പട്ടികവർഗ മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. റോഡ് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചേലക്കര പി.ഡബ്യു.ഡി റസ്റ്റ് ഹൗസിൽ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ യോഗം ശനിയാഴ്ച വിളിച്ച് ചേർത്തിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്, ജല അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ വകുപ്പുകളുടെ ജോയിന്റ് ഇൻസ്‌പെക്ഷൻ രണ്ടാഴ്ചക്കകം പൂർത്തീകരിച്ച് റോഡിന്റെ പുനർ നിർമാണം നവംബർ 6 ന് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. വാഴക്കോട് മുതൽ ജില്ലാ അതിർത്തിയായ പ്ലാഴി വരെ 22.7 കിലോമീറ്റർ റോഡ് 7 മീറ്റർ വീതിയിൽ ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കും. റീബിൾഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 102.33 കോടി രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം. ഇതിൽ ജർമൻ ബാങ്കിന്റെ സഹായവുമുണ്ട്. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ നേതൃത്വത്തിലാണ് നിർവഹണം. പെരുമ്പാവൂർ ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ കരാറുകാർ. ചേലക്കര ടൗണിനോടനുബന്ധിച്ച് 4 കിലോമീറ്ററും പഴയന്നൂരിലേക്കുള്ള 3 കിലോമീറ്ററും കോൺക്രീറ്റ് കൊണ്ടാണ് നിർമ്മിക്കുന്നത്. ചേലക്കര പുതുപ്പാലം അടക്കം ചെറിയ പാലങ്ങൾ പുതുക്കി പണിയും. വിവിധ ഭാഗങ്ങളിലായി 7 കിലോമീറ്റർ നീളത്തിൽ കാനകളുണ്ടാക്കും. അവലോകന യോഗത്തിൽ സായ് കൺസൾട്ടൻസി ടീം ലീഡർ സുബ്രഹ്മണ്യൻ, കെഎസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയർമായ തമ്പാൻ, കെ.എസ്.ടി.പി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വി.പി ഷിന്റോ, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് അസിസ്റ്റൻ് എക്‌സിക്യൂട്ടീവ് എൻജിനീയർ സെബാസ്റ്റ്യൻ സി.ജെ, ബി.എസ്.എൻ.എൽ ഡിവിഷണൽ എൻജിനീയർ മോൾസിക്കുട്ടി മറിയാമ്മ.കെ, ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ എമിൽ മാത്യു, കരാറുകാരൻ ഇ.കെ കെ മുഹമ്മദ് എന്നിവർ പങ്കെടുത്തു.