ചാലക്കുടിയിൽ നിന്നാരംഭിച്ച തുമ്പൂർമുഴി ഡി.എം.സിയുടെ ജംഗിൾ സഫാരി ടി.ജെ ജോസഫ് എം.എൽ.എ ഫ്‌ളാഗ് ഒഫ് ചെയ്യുന്നു.
ചാലക്കുടി: കൊവിഡിനാൽ മുടങ്ങിക്കിടന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ തുമ്പൂർമുഴി ജംഗിൾ സഫാരി പുനഃരാരംഭിച്ചു. ചാലക്കുടി പൊതുമരാമത്ത് വകുപ്പ് വിശ്രമ കേന്ദ്രത്തിൽ നിന്നാരംഭിച്ച യാത്ര ടി.ജെ സനീഷ്‌കുമാർ എം.എൽ.എ ഫ്‌ളാഗ് ഒഫ് ചെയ്തു. 25 വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാവുന്ന ട്രാവലറാണ് മലക്കപ്പാറയിലേക്കും തിരിച്ച് ചാലക്കുടിയിലേക്കും ഓടുന്നത്. ഉച്ച ഭക്ഷണവും രണ്ട് നേരത്തെ ചായയും അടക്കം ഇതിന് 1200 രൂപ ഈടാക്കും. മികച്ച രീതിയിൽ നടന്നിരുന്ന ജംഗിൾ സഫാരി കൊവിഡിന്റെ രണ്ട് ഘട്ടങ്ങളായുള്ള വ്യാപനത്തോടെ താളം തെറ്റുകയായിരുന്നു. നേരത്തെ മൂന്ന് വാഹനങ്ങളാണ് ഓടിയിരുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മഴയാത്രയും സംഘടിപ്പിച്ചു. തത്ക്കാലം ഒരു വാഹനം ഓടിക്കാനാണ് തുമ്പൂർമുഴി ഡി.എം.സിയുടെ തീരുമാനം. രാവിലെ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ വി.ഒ പൈലപ്പൻ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി.ജോസ്, ടി.പി ജോണി, ഡി.ടി.പി.സി സെക്രട്ടറി എ.കവിത തുടങ്ങിവയർ ചടങ്ങിൽ സംബന്ധിച്ചു.