kas

ഇരിങ്ങാലക്കുട: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിലും റാങ്കിന്റെ തിളക്കത്തിൽ ജില്ല. പൊതു വിഭാഗത്തിൽ ഇരിങ്ങാലക്കുട സ്വദേശി അഖിൽ വി. മേനോൻ ആറാം റാങ്കും ആര്യ പി. രാജ് 55ാം റാങ്കും നേടി. സ്‌കീം മൂന്നിൽ പെരിഞ്ചേരി സ്വദേശി ടി.ആർ രജീഷ് 14ാം റാങ്കും മറ്റത്തൂർ സ്വദേശി ബിന്ദു പരമേശ്വരൻ 29ാം റാങ്കും നേടി.

സിവിൽ സർവീസ് നേടാത്തതിലുള്ള വിഷമം ആറാം റാങ്കിലൂടെ മാറ്റുകയായിരുന്നു അഖിൽ. പ്രവാസിയായിരുന്ന വിപിൻ മേനോന്റെയും ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ബിന്ദുവിന്റെയും മകനാണ് അഖിൽ. ഇരിങ്ങാലക്കുടക്കാരി ആര്യ പി. രാജ് 55ാം റാങ്കാണ് നേടിയത്. ചുങ്കത്തിന് സമീപം പുഷ്പാഞ്ജലിയിൽ റിട്ട. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പുഷ്പരാജിന്റെയും ബി.എസ്.എൻ.എൽ മുൻ എ.ജി.എം ജിജോയുടെയും മകളാണ് ആര്യ.

സ്‌കീം മൂന്നിൽ 14ാമതെത്തിയ രജീഷ് തൃശൂർ ജില്ലാ ലേബർ ഓഫീസറാണ്. മറ്റത്തൂർ അവിട്ടപ്പിള്ളി പള്ളാടൻ ഉണ്ണിക്കൃഷ്ണന്റെ ഭാര്യയാണ് 29ാം റാങ്ക് നേടിയ ബിന്ദു പരമേശ്വരൻ.

അഞ്ച് തവണ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയെഴുതിയിട്ടും പാസാവാൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു ആര്യ. അഭിഭാഷകനായി എൻറോൾ ചെയ്ത തന്റെ നേട്ടം പൊതുജനങ്ങളെ സേവിക്കാനുള്ള അവസരമായി കാണുന്നതായി അഖിൽ പ്രതികരിച്ചു. അഖിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പഠനത്തിന് ശേഷം കൊച്ചിയിലെ ദേശീയ നിയമ സർവകലാശാലയിൽ നിന്നും നിയമബിരുദം നേടി. പിന്നീട് തിരുവനന്തപുരം ഫോർച്യൂൺ അക്കാഡമിയിൽ സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള പരിശീലനത്തിന് ചേർന്ന് പിന്നീട് അവിടെ മെന്ററായി. സിവിൽ സർവീസിന് തയ്യാറെടുപ്പ് നടത്തിയതുകൊണ്ടാണ് കെ.എ.എസ് നേടാൻ കഴിഞ്ഞതെന്നും സമൂഹത്തെ സേവിക്കാനുള്ള സുവർണ്ണാവസരമാണ് കൈവന്നിരിക്കുന്നതെന്നും ആര്യ പറഞ്ഞു. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയെഴുതാൻ തയ്യാറെടുക്കുകയാണ് ആര്യ. ക്രൈസ്റ്റ് കോളേജിൽ നിന്ന് ഫിസിക്‌സിൽ ബിരുദവും മുംബയ്‌യിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിൽ മാസ്റ്റർ ബിരുദവും ആര്യ കരസ്ഥമാക്കി.

മന്ത്രിയുടെ അഭിനന്ദനം

പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കിയ അഖിൽ വി. മേനോൻ, 55ാം റാങ്ക് നേടിയ ആര്യ പി.രാജ് എന്നിവരെ മന്ത്രി ആർ. ബിന്ദു അഭിനന്ദിച്ചു. ഇരുവർക്കും നവകേരള നിർമ്മിതിക്കുള്ള കൂട്ടായ യജ്ഞത്തിന് മികച്ച നേതൃത്വം നൽകാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.