josep

ചാലക്കുടി: പത്ത് വയസ് പ്രായം. പക്ഷേ ആറ് മാസക്കാരനെ പോലെ എല്ലാറ്റിനും അമ്മ വേണം. ചലന ശേഷിയില്ലാതെ കിടന്ന കിടപ്പിലാണ് ജോസഫ് ഡിയോൺ ലൂയിസ്. പ്രാഥമിക ആവശ്യങ്ങൾക്കും ഭക്ഷണത്തിനുമെല്ലാം അമ്മയുടെ മടിയിൽ കിടക്കണം.

കാടുകുറ്റി മഠപറമ്പിൽ ചെറുപുരത്തിൽ പോൾ ഡെഫ്‌ലിൻ ലൂയിസിന്റെയും ലിന്റയുടെയും മകൻ ജോസഫ് ഡിയോണിന്റെ ജീവിതം മാറ്റിമറിച്ചത് ചുഴലി രോഗമാണ്. ചെറിയ അനക്കങ്ങളിൽ പോലും ഞെട്ടിത്തെറിക്കുന്ന ദയനീയ സ്ഥിതി. അകത്തെത്തുന്ന മുലപ്പാൽ പോലും പലപ്പോഴും ശ്വാസ നാളത്തിലെത്തുന്നത് കൊണ്ട് ന്യൂമോണിയയും കൂടപ്പിറപ്പ്. അതിനാൽ പൊക്കിളിനടുത്ത് ഘടിപ്പിച്ച ട്യൂബിലൂടെ ദ്രാവക രൂപത്തിലാണ് ഭക്ഷണം. ചികിത്സയ്ക്ക് മാത്രം പ്രതിമാസം ഇരുപതിനായിരം രൂപ വരും.

ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ പെടാപ്പാടിലാണ് ഇപ്പോൾ ഈ കുടുംബം. വൈകാതെ വലിയൊരു ശസ്ത്രക്രിയ വേണം. ഭക്ഷണം അന്നനാളത്തിലൂടെ പോകാനാണ് ഇനിയുള്ള വിലയേറിയ ശസ്ത്രക്രിയ. പല ആശുപത്രികളും കയറിയിറങ്ങി. ലക്ഷങ്ങൾ ചെലവായി. ജോസഫ് ഡിയോണിന്റെ ശരീരം ഹെർണിയ മാറ്റാനായി രണ്ടുവട്ടം കീറിമുറിച്ചു. എന്നാൽ രോഗം ഭേദമായില്ല. കുട്ടി ജനിച്ച് രണ്ട് വർഷത്തിനകം ടൈൽ ജോലിക്കാരനായ പോൾ ഡെഫ്‌ലിൻ മരിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന ഒരു സഹോദരിയുണ്ട് . അമ്മയുടെ ജ്യേഷ്ഠത്തി മേരി ഡെനീറ്റയുടെ പാമ്പുത്തറയിലെ വീട്ടിലാണ് മൂവരും. ഡെനീറ്റയുടെ ഭർത്താവ് ആൻഡ്രൂസ് പിൻഹീറോയുടെ പിൻബലമായിരുന്നു ഏക ആശ്രയം. അർബുദ രോഗത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ട ആൻഡ്രൂസും അവശനാണ്. ആശ്രയ പദ്ധതിയിൽ നിന്ന് ലിന്റയ്ക്ക് അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തിയായിട്ടുമില്ല. കുടുംബം നടത്തുന്ന കഠിന പ്രയത്‌നത്തിന് കൈത്താങ്ങായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്തുണ്ട്. ഇവരെ സഹായിക്കാൻ താൽപര്യമുള്ളവർ താഴെക്കാണുന്ന കാണുന്ന അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി അയ്യപ്പൻ അഭ്യർത്ഥിച്ചു. കേരള ഗ്രാമീൺ ബാങ്ക്, ചാലക്കുടി ബ്രാഞ്ച്. അക്കൗണ്ട് നമ്പർ: 402 65 1010 495 10. ഐ.എഫ്.എസ്.സി കോഡ്. കെ.എൽ.ജി.ബി 0040265.