radha

തൃശൂർ: ഏത് പ്രതിസന്ധി ഘട്ടത്തിലും വസ്തുതകൾ പൂർണ്ണതയോടെ ജനങ്ങൾക്ക് മുമ്പിലെത്തിക്കേണ്ട ഉത്തരവാദിത്വം മാദ്ധ്യമപ്രവർത്തകർക്കുണ്ടെന്നും മാദ്ധ്യമപ്രവർത്തനം പ്രസക്തമാകുന്ന കാലഘട്ടമാണ് ഇതെന്നും മന്ത്രി കെ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. തൃശൂർ പ്രസ് ക്ലബ്ബിന്റെ എട്ടാമത് ടി.വി അച്യുതവാര്യർ പുരസ്‌കാര സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗികമായി വിരമിച്ചാലും മാദ്ധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. ഭയരഹിതവും ഉത്തരവാദിത്വ പൂർണ്ണവുമായ മാദ്ധ്യമപ്രവർത്തനത്തിൻെ മാതൃകയാണ് ടി.വി അച്യുതവാര്യർ കാണിച്ചുതന്നതെന്നും കെ. രാധാകൃഷ്ണൻ അനുസ്മരിച്ചു. വിവിധ മാദ്ധ്യമസ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ഒൻപത് മാദ്ധ്യമപ്രവർത്തകർക്കുള്ള യാത്ര അയപ്പ് സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. വിരമിച്ച മാദ്ധ്യമപ്രവർത്തകർക്ക് അദ്ദേഹം ഉപഹാരം സമ്മാനിച്ചു. അവാർഡിന് അർഹരായ മനോജ് ചേമഞ്ചേരി, എം. അരുൺ എന്നിവർക്ക് കെ. രാധാകൃഷ്ണൻ, ടി.എൻ പ്രതാപൻ എം.പി എന്നിവർ ചേർന്ന് പുരസ്‌കാരം കൈമാറി. പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. പ്രഭാത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. മുൻ ജില്ലാ പ്രസിഡന്റ് വി.എം രാധാകൃഷ്ണൻ അച്യുതവാര്യർ അനുസ്മരണപ്രഭാഷണം നിർവഹിച്ചു. കെ.യു.ഡബ്ല്യൂ.ജെ മുൻ ജനറൽ സെക്രട്ടറി എൻ. പത്മനാഭൻ, ജില്ലാ സെക്രട്ടറി എം.വി വിനീത, ജോയിന്റ് സെക്രട്ടറി രഞ്ജിത് ബാലൻ എന്നിവർ സംസാരിച്ചു.