എരുമപ്പെട്ടി: തുലാവർഷത്തിൽ മഴ കനത്തതോടെ മങ്ങാട് വടക്കുമുറി മേഖലയിലെ നെൽക്കർഷകർ ദുരിതത്തിൽ. ചിറ്റണ്ട കണ്ടൻചിറ വനത്തിൽ നിന്നും ചെറുചക്കി ചോല വഴി ഒഴുകിയെത്തുന്ന വെള്ളം ഈ മേഖലയിലെ പാടത്ത് കൂടെയാണ് തോട്ടുപാലം വഴിയിൽ വടക്കാഞ്ചേരി വാഴാനി പുഴയുടെ കോട്ടപ്പുറം ഭാഗത്തേക്ക് എത്തിച്ചേരുന്നത്. എല്ലാ വർഷവും കൃഷി ആരംഭിക്കുന്നതിന് മുമ്പ് തൊഴിലുറപ്പ് തൊഴിലാളികളെ വച്ച് വെള്ളച്ചാൽ വൃത്തിയാക്കി വെള്ളം തടസ്സമില്ലാതെ ഒഴുകാൻ സാഹചര്യമൊരുക്കുമായിരുന്നു. എന്നാൽ ഇപ്രാവശ്യം വെള്ളച്ചാൽ കൃത്യമായി വൃത്തിയാക്കാത്തതിനാൽ ഞാറ് പാകിയ നെൽപാടങ്ങളിലേക്ക് വെള്ളം നിറഞ്ഞൊഴുകി അവയ്ക്ക് നാശമുണ്ടായി. മഴ നിന്നാൽ മാത്രമേ വെള്ളം ഒഴുകി പോകൂ. അപ്പോഴേക്കും നട്ട ഞാറിന്റെ അടിവശം ചീഞ്ഞ് നാശമാകുമെന്നാണ് അവസ്ഥ. ഇതോടെ കർഷകർ ആശങ്കയിലാണ്. ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരിടപെട്ട് എത്രയും വേഗം വെള്ളച്ചാൽ കാര്യക്ഷമമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.