mmmm
വാരിയം പടവിൽ സാമൂഹിക ദ്രോഹികൾ മോട്ടോർ നശിപ്പിച്ചതിനെ തുടർന്ന് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.

അരിമ്പൂർ: അരിമ്പൂർ പഞ്ചായത്തിലെ വാരിയം കോൾപടവിലെ മോട്ടോർ നശിപ്പിക്കാൻ സാമൂഹിക ദ്രോഹികളുടെ ശ്രമം. 120 ഏക്കറിൽ ഞായറാഴ്ച കൃഷിയിറക്കുന്നതിന് വേണ്ടി ഇടതടവില്ലാതെ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടയിൽ ശനിയാഴ്ച പുലർച്ചെയാണ് സബ്‌മേഴ്‌സബിൾ മോട്ടോർ തകരാറിലാക്കിയത്. വെള്ളം പമ്പ് ചെയ്യുന്നതിന് താഴെ പ്ലാസ്റ്റിക് ചാക്ക് തിരുകിയാണ് മോട്ടോർ കേട് വരുത്തിയത്. ഇതിനെ തുടർന്ന് പമ്പിംഗ്‌ സ്തംഭിക്കുകയും ഞാറ്റടി മുഴുവൻ വെള്ളത്തിലാവുകയും ചെയ്തു. കമ്പനിക്കാർ വന്ന് ചാക്കുകൾ നീക്കം ചെയ്തതിന് ശേഷമാണ് മോട്ടോർ പ്രവർത്തിപ്പിച്ചത്. 17 ലക്ഷം രൂപ വിലവരുന്ന സബ് മേഴ്‌സിബൾ മോട്ടോർ ഒമ്പത് മാസം മുമ്പാണ് സ്ഥാപിച്ചത്.

വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ. റെനീഷ് കെ.എച്ചിന്റെ നേതൃത്വത്തിൽ അന്തിക്കാട് പൊലീസ് വാരിയം പടവിലെ എൻജിൻ തറയിലെത്തി പരിശോധന നടത്തി. അന്തിക്കാട് പൊലീസിന്റെയും പെരിങ്ങോട്ടുകര പൊലീസ് ഔട്ട് പോസ്റ്റിന്റെയും പട്രോളിംഗ് വാഹനങ്ങൾ എല്ലാ ദിവസവും രാത്രി എൻജിൻ തറയിൽ പട്രോളിംഗ് നടത്തുമെന്നും മോട്ടോർ നശിപ്പിച്ച വരെ കുറിച്ച് അന്വേഷിക്കുമെന്നും എസ്‌.ഐപറഞ്ഞു.

ഇത്തരം പ്രവൃത്തികൾ ഉണ്ടാകാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് പടവകമ്മിറ്റി പ്രസിഡന്റ് കുറുവത്ത് പുഷ്‌കരൻ, സെക്രട്ടറി
എം.കെ ചന്ദ്രൻ, കേരള കർഷകസംഘം അരിമ്പൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും വാർഡ് അംഗവുമായ കെ. രാഗേഷ് എന്നിവർ ആവശ്യപ്പെട്ടു.
കനത്ത മഴയിൽ ഈ കോൾ പടവിലെ ഞാറ്റടിയിൽ വിതച്ച 2000 കിലോ വിത്ത് പൂർണ്ണമായും നശിച്ചിരുന്നു.

2020ൽ ഈ എൻജിൻ തറയിൽ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന പെട്ടിയും പറയും എൻജിനും മോഷണം പോയിരുന്നു. ഇവിടെ സാമൂഹികദ്രോഹികളുടെ ശല്യം രൂക്ഷമാണ്.

- പടവ് കമ്മിറ്റി ഭാരവാഹികൾ