പാവറട്ടി: രാജ്യാന്തര പുരസ്‌കാരങ്ങളിലൂടെ ശ്രദ്ധേയനാവുകയാണ് പറപ്പൂർ സ്വദേശി സരീഷ് പുളിഞ്ചേരി. സരീഷ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത 'ഏറ്റം'എന്ന ഹൃസ്വ ചിത്രത്തിന് ഒമ്പത് രാജ്യാന്തര പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ഇന്ത്യൻ ടാലന്റ്‌സ് ഫിലിം ഫെസ്റ്റിവൽ, ഷോർട്ട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗ്ലോബൽ ഇൻഡീ ഫിലിം അവാർഡ്, വിന്റേജ് റീൽസ് ഫിലിം ഫെസ്റ്റിവൽ, ഇന്ത്യൻ ഷോർട്ട് സിനിമാ ഫിലിം ഫെസ്റ്റിവൽ, ശംഖനാദ് ഫിലിം ഫെസ്റ്റ് അവാർഡ്, ഐക്കണിക് ഷോർട്ട് സിനി അവാർഡ്, ബയോസ്‌കോപ്പ് സിനി ഫിലിം ഫെസ്റ്റിവൽ എന്നിങ്ങനെ എട്ടു ഫെസ്റ്റിവലുകളിലായി ഒമ്പത് പുരസ്‌കാരങ്ങൾ നേടി. നാടകനടനായും രചയിതാവായും സംവിധായകനായും മികവ് തെളിയിച്ച സരീഷ് പുളിഞ്ചേരി മലയാള സിനിമാരംഗത്ത് സഹസംവിധായകനായും പ്രവർത്തിക്കുന്നു. ഫുൾമാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജി നിർമ്മിച്ച 'ഏറ്റം'ചിത്രത്തിൽ കണ്ണൻ പട്ടാമ്പിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'അണ്ണാൻസ് ടെക്കി' എന്ന സരീഷ് എഴുതിയ ചെറുകഥയിൽ നിന്നാണ് ഏറ്റം എന്ന പേരിൽ സിനിമ ജനിക്കുന്നത്. മറ്റുളളവരുടെ സംസാരങ്ങൾ ഒളിഞ്ഞ് കേൾക്കുകയും പറഞ്ഞ് പരത്തുകയും ചെയ്യുന്നതിൽ വിനോദം കണ്ടെത്തുന്ന കണാരൻ എന്ന കേന്ദ്രകഥാപാത്രം യൂടൂബ് ചാനലിനെക്കുറിച്ച് അറിയാനിട വന്നതിനെതുടർന്ന് അയാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ഏറ്റം എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
ആക്ടാ അന്നകര, ഞമനേങ്ങാട് തിയേറ്റർ വില്ലേജ്, പെരുവല്ലൂർ നാടകവേദി, കലാദർശൻ തുടങ്ങിയ കലാസംഘങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് സരീഷ്. പ്രദീപ് നാരായണൻ, ഷാനു സമദ്, ദിലീപ് നാരായൺ, മുഹമ്മദ് റാഫി തുടങ്ങിയവരുടെ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സരീഷ്, സോമൻ അമ്പാട്ടിന്റെ 'അഞ്ചിൽ ഒരാൾ തസ്‌കരനി 'ലാണ് അവസാനം സഹസംവിധായക വേഷമിട്ടത്. മുമ്പ് സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ അഭിനയിച്ച 'കവചം' എന്ന ഹ്രസ്വചിത്രവും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.