എരുമപ്പെട്ടി: ഭൂരഹിതരായ 11 കുടുംബങ്ങൾക്ക് വേലൂർ സേവാഭരതിയുടെ നേതൃത്വത്തിൽ തല ചായ്ക്കാനൊരിടം പദ്ധതിപ്രകാരം റജിസ്റ്റർ ചെയ്ത ആധാരങ്ങൾ കൈമാറി. സുരേഷ് ഗോപി എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഭൂസംരക്ഷണ സമിതിയുടെ ആഹ്വാനം എറ്റെടുത്ത് പഴവുർ കണ്ണമ്പാറ താഴത്തേതിൽ മീത്തിൽ ഗണേശൻ നമ്പ്യാരും ഭാര്യ ഷൈലജയും ചേർന്ന് 50 സെന്റ് ഭൂമിയാണ് ഇതിനായി നൽകിയത്. വിധവകളും അംഗപരിമിതരും അനാഥരുമുൾപ്പെടുന്ന നിർദ്ധനരായ 11 കുടുംബങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. വേലൂർ സേവാഭാരതി പ്രസിഡന്റ് വിനോദ് എം. നായർ അദ്ധ്യക്ഷനായി. രാഷ്ട്രീയ സ്വയംസേവക് തൃശൂർ വിഭാഗ് കെ.എസ് പത്മനാഭനും സേവാഭാരതി സെക്രട്ടറി സുരേഷും ചേർന്ന് സുരേഷ് ഗോപിയെ ആദരിച്ചു. ഭൂ അവകാശ സംരക്ഷണ സമിതിയംഗം രാമനുണ്ണി, രാജേഷ് ചമ്മൂർ സന്നിഹിതരായി.