പാവറട്ടി: വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സുഭിഷ ജനകീയ ഹോട്ടലിനെ നവ മാദ്ധ്യമ കൂട്ടായ്മയും ഡി.വൈ.എഫ്.ഐയും ആദരിച്ചു. ലോക്ക്ഡൗൺ കാലത്ത് 43 ദിവസം കാഞ്ഞാണി മുതൽ പാവറട്ടിവരെ വഴിയരികിൽ വിശന്നിരിക്കുന്നവർക്കായി ഞാനൊരു മാർക്‌സിസ്റ്റ് നവ മാദ്ധ്യമ കൂട്ടായ്മയും ഡി.വൈ.എഫ്.ഐയും പൊതിച്ചോറുകൾ വാങ്ങിയിരുന്നത് വെങ്കിടങ്ങ് ജനകീയ ഹോട്ടലിൽ നിന്നാണ്. ദിവസം നൂറ് പൊതിച്ചോറുകൾ 25 രൂപ നിരക്കിലാണ് ഇവർ വാങ്ങിയിരുന്നത്. അവസാന ദിവസം ഹോട്ടൽ സൗജന്യമായി കൂട്ടായ്മക്ക് പൊതിച്ചോറുകൾ നൽകിയിരുന്നു. നല്ല ഭക്ഷണം മുടക്കമില്ലാതെ നൽകിയതിനാണ് ജനകീയ ഹോട്ടലുകാരെ ആദരിച്ചത്. കുടുംബശ്രീ ചെയർപേഴ്‌സൺ ഷീജ രാജീവ്, അനിത, ലത വിജയൻ, ബബിത, ശാരദ, മിനിമോൾ എന്നിവരാണ് ഇവിടെ ജോലിക്കുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചാന്ദ്‌നി വേണു, കെ.കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.വി പ്രബീഷ്, കെ.എ സതീഷ്, ഷാജു അമ്പലത്ത്, നവ മാദ്ധ്യമ കൂട്ടായ്മ പ്രതിനിധി ഹക്കീം ഹമീദ്, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി സെക്രട്ടറി ഒ.ആർ രാജേഷ്, മനീഷ് മാധവ് തുടങ്ങിയവർ പങ്കെടുത്തു.