ചാലക്കുടി: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ വൈദ്യുതി കണക്ഷനുകൾ ഒരുകുടക്കീഴിലാകുന്നു. താലൂക്ക് ആശുപത്രികളിൽ ഇത്തരം സംവിധാനം ഒരുങ്ങുന്നത് ജില്ലയിൽ ഇതാദ്യമായാണ്. ഹൈടെൻഷൻ കൺസ്യൂമറാകാനുള്ള കരാറിൽ നഗരസഭയും വൈദ്യുതി ഡെപ്യൂട്ടി എൻജിനീയർ ഓഫീസും തമ്മിൽ ഒപ്പുവച്ചു. സെക്യൂരിറ്റി തുകയിനത്തിൽ നഗരസഭ എട്ട് ലക്ഷം രൂപ വകുപ്പിന് കൈമാറിയിട്ടുണ്ട്. നേരത്തെ താലക്ക് ആശുപത്രിയിൽ മൂന്ന് സർവീസ് കണക്ഷനുകളാണുണ്ടായിരുന്നത്. ഒ.പി,ഐ.പി ബ്ലോക്കുകളിലേക്ക് ആവശ്യമായ വൈദ്യുതി ഈ കണക്ഷനുകളിൽ നിന്നു ലഭ്യമാക്കിയിരുന്നു. ഇവയെല്ലാം നീക്കം ചെയ്ത് 315 കെ.വി യുടെ ഇൻഡോർ ടൈപ്പ് ട്രാൻസ്ഫോർമർ സ്ഥാപിച്ച് ആശുപത്രി സമുച്ചയത്തിലേക്കാവശ്യമായ വൈദ്യുതി ഒരു കുടക്കീഴിലാക്കുകയാണ് ലക്ഷ്യം. ഇതിന്റെ സിവിൽ വർക്കുകൾക്കുൾപ്പെടെ 50 ലക്ഷം രൂപയാണ് ചിലവഴിച്ചത്. എച്ച്.ടി, എൽ.ടി പാനലുകൾ സ്ഥാപിക്കൽ, അണ്ടർ ഗ്രൗണ്ട് കേബിൾ സ്ഥാപിക്കൽ, എൽ.ടി കേബിൾ സ്ഥാപിക്കൽ പ്രവൃത്തികളും പൂർത്തിയായി. തൃശൂർ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. ഹൈടെൻഷൻ കൺസ്യൂമറാകുന്നതോടെ മെച്ചപ്പെട്ട വൈദ്യുതി സേവനം താലൂക്ക് ആശുപത്രിക്ക് ലഭ്യമാകും. ചാലക്കുടി 220 കെ.വി സബ് സ്റ്റേഷനിൽ നിന്നും തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കും. കൊവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് സ്ഥിപിച്ച ഓക്സിജൻ പ്ലാന്റിനും ഇതുപ്രകാരം തടസ്സം കൂടാതെ പ്രവർത്തിക്കാനാകും.