തൃശൂർ : കൊവിഡ് ഉപജീവനമാർഗ്ഗം അടച്ചതോടെ, തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളാകുന്ന കുടുംബങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. 45 വയസിന് മുകളിലുള്ള വീട്ടമ്മമാരാണ് ഏറെയും ഇത്തരത്തിൽ പദ്ധതിയിലേക്ക് ആകർഷിക്കപ്പെടുന്നത്.
ഏതാനും മാസമായി തൊഴിലുറപ്പ് കൂലി കൃത്യമായി ലഭിക്കുന്നതും ആളുകളെ ആകർഷിക്കുന്നു. ഓരോ വർഷവും തൊഴിൽ കാർഡ് എടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. തൊഴിൽ കാർഡ് എടുത്ത കുടുംബങ്ങളുടെ എണ്ണം ഈ സാമ്പത്തിക വർഷം 3.20 ലക്ഷം കടന്നു. കഴിഞ്ഞ വർഷത്തേക്കാൾ എണ്ണായിരത്തിലധികം കുടുംബങ്ങളാണ് കൂടുതലായി ചേർന്നത്. അതേ സമയം തൊഴിൽ കാർഡ് എടുത്ത മുഴുവൻ കുടുംബങ്ങളും ജോലിക്കിറങ്ങാറില്ല. കൊവിഡ് കാലം ആരംഭിക്കും മുമ്പ് 2019 - 20 വർഷത്തിൽ 2,87,179 കുടുംബങ്ങളാണ് തൊഴിൽ കാർഡ് എടുത്തിരുന്നെങ്കിൽ 2020 - 21 ൽ അത് 3,21,170 ആയി ഉയർന്നു. ഇതുവരെ സെപ്റ്റംബർ 29 വരെയുള്ള കൂലി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ വന്നുകഴിഞ്ഞു. 291 രൂപയാണ് ഒരു ദിവസത്തെ വേതനം. വേതനം നൽകുന്നത് കേന്ദ്ര സർക്കാരാണ്. കഴിഞ്ഞ ഒന്നര വർഷം മുമ്പ് വരെ കൂലി കുടിശിക ഏറെ വിവാദം ഉയർത്തിയിരുന്നു.
തൊഴിൽ കാർഡ് എടുത്തവർ
2018-19
2,78,589
2019-20
2,87,179
2020-21
3,12,170
2021-22
3,20,416
6 മാസത്തിനുള്ളിൽ 76,639 കുടുംബങ്ങൾ
തൊഴിൽ കാർഡ് എടുത്തവരിൽ 76,639 കുടുംബങ്ങളിൽ നിന്നുള്ളവർ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്ക് ഇറങ്ങി. കൊവിഡ് രൂക്ഷമായപ്പോഴും 1,02,638 കുടുംബങ്ങൾക്ക് തൊഴിൽ നൽകി. ആ സമയത്ത് കൊവിഡ് പ്രേട്ടോക്കാൾ ഉള്ളതിനാൽ 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പണിക്കിറങ്ങാൻ അനുമതി ഉണ്ടായിരുന്നില്ല.
7 മാസം, ചെലവഴിച്ചത് 114 കോടി
തൊഴിലുറപ്പ് പദ്ധതിയിൽ ഏപ്രിൽ മാസം മുതൽ ഒക്ടോബർ ഏഴ് വരെയുള്ള കണക്ക് പ്രകാരം കേന്ദ്ര സംസ്ഥാന സർക്കാരുടെ ഫണ്ടായി 114.31 കോടിയുടെ പ്രവർത്തനമാണ് നടന്നത്. പദ്ധതിയുടെ ഭാഗമായുള്ള സാമഗ്രികളിൽ ഒരു ഭാഗം നൽകാൻ പണം ചെലവഴിക്കുന്നത് സംസ്ഥാനമാണ്. കൂലിയിനത്തിൽ മാത്രം 52 കോടിയിലേറെ രൂപയാണ് നൽകിയത്. കൂലിയിനത്തിൽ ഇനി നൽകാനുള്ളത് 4.5 കോടിയിലേറെ രൂപയാണ്.
ഈ സാമ്പത്തിക വർഷത്തെ
തൊഴിൽ ദിനങ്ങൾ
18,44,534
കൂലി നൽകിയ തുക
52.70 കോടി
ഇനി നൽകാനുള്ളത്
4.69 കോടി
മെറ്റീരീയൽ വർക്ക് ഇനത്തിൽ ചെലവഴിച്ചത്
53.65 കോടി.