cycle-yathra
ലഡാക്കിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത അരുൺദേവിനെ തളിക്കുളം പഞ്ചായത്ത് ആദരിക്കുന്നു.

തളിക്കുളം: തളിക്കുളം സനേഹതീരത്ത് നിന്നും ലഡാക്കിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത അരുൺദേവിനെ തളിക്കുളം പഞ്ചായത്ത് ആദരിച്ചു. തൊഴുത്തുംപറമ്പിൽ സതീഷ് - റെജീന ദമ്പതികളുടെ മകനാണ് 21 കാരനായ അരുൺ ദേവ്. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത, അംഗങ്ങളായ ബുഷ്ര അബ്ദുൾനാസർ, കെ.കെ സൈനുദ്ദീൻ, സിംഗ് വാലത്ത്, സന്ധ്യ മനോഹരൻ എന്നിവർ വീട്ടിലെത്തി മെമെന്റോയും പൊന്നാടയും നൽകി. ആഗസ്റ്റ് 5നാണ് അരുൺദേവ് യാത്ര പുറപ്പെട്ടത്. ലഡാക്കിൽ ലേ എന്ന ജില്ലയിലെ കാർദും ലാപാസ് എന്ന സ്ഥലത്താണ് യാത്ര അവസാനിച്ചത്. വാഹനങ്ങൾക്ക് എത്തിപ്പെടാവുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡാണ് ഇത്. ഇവിടെ മൂന്ന് ദിവസം തങ്ങിയതിന് ശേഷമാണ് മണാലി വഴി ഹിമാചൽപ്രദേശിലൂടെ തിരിച്ചെത്തിയത്. 8,​000 കിലോമീറ്ററായിരുന്നു യാത്ര.

കേരളത്തിന്റെ മഹത്വം മറ്റ് സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തപ്പോൾ മനസിലാക്കാൻ കഴിഞ്ഞെന്ന് അരുൺദേവ് പറഞ്ഞു. ദിവസം 150 കിലോമീറ്ററാണ് യാത്ര ചെയ്‌തിരുന്നത്. സൈക്കിളിന് കേടുപാടുകൾ സംഭവിക്കുന്ന ദിവസങ്ങളിൽ നൂറ് കിലോമീറ്ററാക്കി ചുരുക്കും.

ഒരു ദിവസം 150 രൂപയാണ് ഭക്ഷണത്തിനായി ചെലവാകുക. രാത്രി ഏഴര വരെ യാത്ര ചെയ്യും. ടെൻഡ് കെട്ടിയാണ് ഉറങ്ങുക. 67-ാമത്തെ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു കാശ്മീർ തുടങ്ങീ 17 സംസ്ഥാനങ്ങളിലൂടെയാണ് അരുൺദേവ് യാത്ര ചെയ്തത്. സ്പീന സഹോദരിയാണ്.