തൃശൂർ: ഭൗമസൂചികാ പദവി ലഭിച്ച അരിയുടെ കയറ്റുമതിയിലൂടെ നെൽക്കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ദൗത്യവുമായി കാർഷിക സർവകലാശാല. ഇതിന്റെ മുന്നോടിയായി വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, കാർഷിക സംസ്‌കരണ ഭക്ഷ്യ ഉൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ സഹകരണത്തോടെ കർഷക ശാസ്ത്രജ്ഞ സംവാദം നടത്തും. പാലക്കാടൻ മട്ട കൃഷി ചെയ്യുന്ന 20 ഓളം കർഷകരെ നേരിട്ട് സംവാദത്തിൽ പങ്കെടുപ്പിക്കും. മറ്റ് ജില്ലകളിലെ ഭൗമസൂചിക രജിസ്‌ട്രേഷൻ ലഭിച്ച നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന കർഷകർ ഓൺലൈനായി പങ്കെടുക്കും.
കർഷകരെയും, സംരംഭകരെയും, മറ്റ് പങ്കാളികളെയും ഉൾപ്പെടുത്തി ഭൗമസൂചിക രജിസ്‌ട്രേഷൻ ലഭിച്ച നെല്ലിനങ്ങളുടെ കയറ്റുമതി അധിഷ്ഠിത ഉൽപാദനം ശക്തിപ്പെടുത്തുക എന്നതാണ് ഈ സംവാദത്തിന്റെ ലക്ഷ്യം. സർവകലാശാലയിൽ നിന്നുള്ള വിദഗ്ദ്ധർ ക്ലാസെടുക്കും. പരമ്പരാഗത നെല്ലിനങ്ങൾക്ക് നിയമപരവും നയപരവുമായ പിന്തുണ ലഭ്യമാക്കാനുള്ള വഴികൾ ചർച്ച ചെയ്യും. ഭൗമസൂചിക രജിസ്‌ട്രേഷൻ ലഭിച്ച നെല്ലിനങ്ങളുടെ കൃഷിയുമായി ബന്ധപ്പെട്ട സാദ്ധ്യതകളും പ്രശ്‌നങ്ങളും, ഉത്തമ കാർഷിക മുറകൾ, കയറ്റുമതിക്ക് അനുയോജ്യമായ രീതിയിലുള്ള സസ്യസംരക്ഷണ മാർഗ്ഗങ്ങൾ, കർഷകരുടെ അനുഭവങ്ങൾ എന്നിവ ചർച്ച ചെയ്യും. 12 ന് മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റർ സെമിനാർ ഹാളിലാണ് സംവാദം.
വഴിയൊരുക്കാൻ പേഡ
അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്‌ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (പേഡ) എന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ സഹായത്തോടെയാകും കയറ്റുമതിക്ക് വഴിയൊരുക്കുക. ഇതിനായുള്ള സഹായം സർവകലാശാല ഒരുക്കും.
കീടനാശിനി വില്ലൻ
കയറ്റുമതി ചെയ്യുമ്പോൾ പ്രധാന വെല്ലുവിളി അരിയിലെ കീടനാശിനിയുടെ സാന്നിദ്ധ്യമാകും. കീടനാശിനിയുടെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ മറ്റ് രാജ്യങ്ങൾ അരി സ്വീകരിക്കില്ല. കീടനാശിനി ഒഴിവാക്കാനുള്ള വഴികളും സംവാദത്തിൽ വ്യക്തമാക്കും.
സ്വയം പര്യാപ്തതയില്ലാതെ
മലയാളിയുടെ പ്രധാന ഭക്ഷണമാണ് അരിയെങ്കിലും കേരളത്തിന് ആവശ്യമായ പത്ത് ശതമാനം പോലും ഇവിടെ ഉൽപാദിപ്പിക്കുന്നില്ല. നെല്ല് ഉൽപാദനം കുറഞ്ഞതോടെ പാരിസ്ഥിതിക സന്തുലനവും തകിടം മറിഞ്ഞു. നെൽവിത്തുകൾക്ക് ഔഷധഗുണങ്ങളുണ്ടെന്ന തിരിച്ചറിവ് നൽകുന്നതാണ് നവര. 1990 കളിലാണ് നെൽക്കൃഷി വ്യാപകമായി കുറഞ്ഞത്. അടുത്തകാലത്തുണ്ടായ പ്രളയവും കാലാവസ്ഥാ വ്യതിയാനവും നെല്ലുൽപാദനത്തെ ഗുരുതരമായി ബാധിച്ചു.
ഭൗമസൂചികാ പദവി ലഭിച്ച നെല്ലിനങ്ങൾ
പാലക്കാട് മട്ട
നവര
വയനാട് ജീരകശാല
വയനാട് ഗന്ധകശാല
പൊക്കാളി അരി
കൈപ്പാട് അരി.
ഭൗമസൂചിക രജിസ്റ്റേർഡ് അരി കയറ്റുമതിയിലൂടെ, കേരളത്തിലെ നെൽക്കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന പരമമായ ലക്ഷ്യത്തോടെയാണ് സംവാദം നടത്തുക.
ഡോ. ജയശ്രീ കൃഷ്ണൻകുട്ടി
കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി