rajan

തൃശൂർ: എഴുത്തുകാർക്കും കലാ, നാടക, സിനിമാ രംഗത്തുള്ളവർക്കും ആസ്വാദകർക്കും ഗുണകരമാവുന്ന രീതിയിൽ തൃശൂരിന്റെ സാംസ്‌കാരിക പൈതൃകം ഉൾക്കൊള്ളുന്നതും ആധുനിക സാങ്കേതിക സംവിധാനങ്ങളുള്ളതുമായ സാംസ്‌കാരിക സമുച്ചയം തൃശൂരിൽ ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. അയനം സാംസ്‌കാരിക വേദി സി.വി. ശ്രീരാമൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യബന്ധങ്ങളുടെ കഥാകാരനായിരുന്നു സി.വി ശ്രീരാമനെന്നും തനിക്ക് പറയാനുള്ള ആശയങ്ങളെ ലളിതവും അനാർഭാടവുമായി പറഞ്ഞു വച്ച സി.വി എഴുതിയത് മലയാളത്തിലാണെങ്കിലും ആ കഥകൾ സംവദിച്ചത് ലോകോത്തര ഭാഷകളിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഡോ. എൻ.ആർ. ഗ്രാമ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി. എൻ. രാജൻ, എം. ഹരിദാസ്, എം. കൃഷ്ണൻ നമ്പൂതിരി, വി.ഡി. പ്രേം പ്രസാദ്, രോഷ്‌നി സ്വപ്ന, ഇ. സന്ധ്യ, കെ.ആർ. ബീന, സ്വപ്ന സി. കോമ്പാത്ത്, കെ.വി. ഉണ്ണിക്കൃഷ്ണൻ, ജി.ബി. കിരൺ, ജി. ജീൻരാജ്, ടി.ജി. അജിത, ടി.എം. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.