udgadanam

എലിക്കോട് ഫോറസ്റ്റ് ഔട്ട് പോസ്റ്റിന്റെ ഉദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.


പാലപ്പിള്ളി: കാട്ടാന ശല്യം രൂക്ഷമായ പാലപ്പിള്ളി മേഖലയിൽ വനം വകുപ്പിന്റെ അടിയന്തരസേവനം ലഭ്യമാക്കുന്നതിനായി എലിഫന്റ് സ്‌പെഷ്യൽ സ്‌ക്വാഡും ഫോറസ്റ്റ് ഔട്ട്‌പോസ്റ്റും എലിക്കോട് പ്രവർത്തനം ആരംഭിച്ചു. കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ് പ്രിൻസ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ സദാശിവൻ, ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സംബുദ്ധ മജൂംദാർ എന്നിവർ പങ്കെടുത്തു. മൂന്ന് ജീവനക്കാരുടെയും ഒരു വാഹനത്തിന്റെയും സേവനം ഇവിടെ ലഭ്യമാക്കും. മേഖലയിൽ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലങ്ങൾ സന്ദർശിക്കുകയും അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ സേവനവും അതിനായി ഫോറസ്റ്റ് ഔട്ട്‌പോസ്റ്റും സജ്ജമാക്കിയത്.