ഗുരുവായൂർ: ദേവസ്വം പാർക്കിംഗ് സമുച്ചയത്തിലെ തദ്ദേശീയരുടെ പരിഗണന നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം. കച്ചവടക്കാർക്കും തദ്ദേശീയർക്കും സൗജന്യമായി പാർക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ചെയർമാന്റെ പ്രസ്താവനയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. പാർക്കിംഗ് സൗജന്യമാക്കിയാൽ തദ്ദേശീയരും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും സ്ഥിരമായി പാർക്ക് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും ഇതുമൂലം തീർത്ഥാടകർക്ക് പാർക്കിംഗിന് സ്ഥലം ലഭ്യമാകാതെ വരുമെന്നും ചെയർമാൻ കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. തദ്ദേശവാസികൾക്കും വ്യാപാരികൾക്കും സൗജന്യമായോ, പ്രത്യേകമായി എന്തെങ്കിലും പരിഗണന നൽകിയോ പരിഹരിക്കാവുന്ന പ്രശ്‌നത്തെ മുൻവിധിയോടെയുള്ള പ്രതികരണത്തോടെ ചെയർമാൻ കൂടുതൽ വഷളാക്കിയെന്നാണ് പലരുടെയും അഭിപ്രായം. തദ്ദേശവാസികൾക്കും വ്യാപാരികൾക്കും സൗജന്യ പാർക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ചെയർമാന്റെ പ്രസ്താവന ഖേദകരമാണെന്ന് ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷൻ പറഞ്ഞു. ഇതിലും ഭേദം 'തദ്ദേശവാസികൾക്കും വ്യാപാരികൾക്കും പ്രവേശനമില്ല' എന്ന ബോർഡ് വയ്ക്കുന്നതാകുമെന്നും യോഗം വിലയിരുത്തി. നഗരസഭാവാസികൾക്കും വ്യാപാരികൾക്കും നിബന്ധനകൾ പാലിച്ചെങ്കിലും പാർക്കിംഗ് അനുവദിക്കണമെന്നും യോഗം ദേവസ്വം ഭരണസമിതിയോട് ആവശ്യപ്പെട്ടു. യോഗത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ മുരളി അദ്ധ്യക്ഷനായി. റഹ്മാൻ തിരുനെല്ലൂർ, കെ. രാധാകൃഷ്ണൻ, കെ. രാമചന്ദ്രൻ, ഒ.ടി. സൈമൺ എന്നിവർ പ്രസംഗിച്ചു. അതിരുവിട്ട പ്രസ്താവനകൾ നടത്തിയാൽ ദേവസ്വം ചെയർമാനെ വഴി തടയുമെന്ന് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് പ്രസ്താവനയിൽ പറഞ്ഞു. ഭക്തർക്കായി മോദി സർക്കാർ നൽകിയ പദ്ധതികളെ വില കുറച്ച് കാണിച്ച് പദ്ധതിക്കെതിരെ നുണപ്രചരണം നടത്തുകയും വ്യാപാരികളെയും നാട്ടുകാരെയും മോശക്കാരായി ചിത്രീകരിക്കുകയുമാണ് ചെയർമാൻ. പാർക്കിംഗ് വിഷയത്തിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അനിൽ വ്യക്തമാക്കി.