സ്ഥല ഉടമയും പഞ്ചായത്തുമായി തർക്കം
അന്തിക്കാട്: തർക്കത്തെ തുടർന്ന് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എ ഉദ്ഘാടനം ചെയ്യാതെ മടങ്ങി.
അന്തിക്കാട് പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലിട വഴിയിലെ ഉഷസ് അംഗനവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ സി.സി മുകുന്ദൻ എം.എൽ.എ പഞ്ചായത്തും സ്ഥലം വിട്ടുനൽകിയ ഉടമയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് തിരിച്ചുപോകുകയായിരുന്നു.
ഇതേ തുടർന്ന് 2010- 2015 വർഷത്തെ ഭരണ സമിതി അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും മാറ്റിവച്ചു.
32 വർഷം മുമ്പ് കൊച്ചത്ത് ചാത്തു - പാറു എന്നിവരുടെ സ്മരണയ്ക്കായാണ് അംഗനവാടി കെട്ടിടം പണിയുന്നതിനായി മൂന്ന് സെന്റ് സ്ഥലം ഉടമ സൗജന്യമായി വിട്ടുനൽകിയത്. ഈ സ്ഥലത്ത് നിലനിന്നിരുന്ന കെട്ടിടം 2018ലെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതിനാൽ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 13,50,000 രൂപ ചെലവഴിച്ച് പുനർനിർമ്മിച്ചിരുന്നു. നിർമ്മിത കേന്ദ്രത്തിന്റെ നേതത്വത്തിൽ പണി തീർത്ത കെട്ടിടത്തിൽ സ്ഥാപിക്കുന്ന ഫലകത്തിൽ സ്ഥലം ഉടമയുടെ പേര് ഏറ്റവും അവസാനമാണ് എഴുതിച്ചേർത്തിരുന്നത്. കൂടാതെ മുൻ അംഗനവാടി ടീച്ചറുടെ പേരും ഉൾപ്പെടുത്തിയിരുന്നില്ല. ഇത് തർക്കത്തിന് വഴിവയ്ക്കുകയായിരുന്നു.
പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടാണ് സംഭവത്തിന് പിന്നിലെന്നും, അടഞ്ഞുകിടന്നിരുന്ന വിദ്യാലയങ്ങൾ തുറക്കാൻ പോകുന്ന ഈ അവസരത്തിൽ അംഗനവാടിയിൽ നടന്ന സംഭവം പ്രതിഷേധാർഹമാണെന്നും അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
കെട്ടിടം പണിയാൻ സ്ഥലം വിട്ടുനൽകിയ ഉടമയുടെ പേര് ശിലാഫലകത്തിൽ ഏറ്റവും അവസാനം വച്ചതിനാലും, മുൻ അംഗനവാടി ടീച്ചറുടെ പേര് ഫലകത്തിൽ ഇല്ലാത്തതിനാലുമാണ് തർക്കമുണ്ടായത്.
ജ്യോതിരാമൻ
പഞ്ചായത്ത് പ്രസിഡന്റ്