സന്ധികളിൽ നീർക്കെട്ടും വേദനയും വരുന്ന രോഗാവസ്ഥയാണ് സന്ധിവീക്കം എന്ന് പറയുന്ന ആർത്രൈറ്റിസ്. തലച്ചോറ്, കിഡ്‌നി, ശ്വാസകോശം, ഹൃദയം എന്നിവയെ ക്രമേണ ബാധിക്കാവുന്ന ഒന്നായി സന്ധിവീക്കം മാറാം. ആദ്യകാലത്ത് മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്നത് ഇപ്പോൾ കുട്ടികളിലും കാണപ്പെടുന്നുവെന്നതാണ് പ്രത്യേകത. നിലവിൽ വലിയ രീതിയിൽ കുട്ടികളിൽ വാതരോഗം കണ്ടു വരുന്നില്ലെങ്കിലും വരും നാളുകളിൽ കൂടുതൽ പേരിലേക്ക് എത്താനുള്ള സാദ്ധ്യത തള്ളികളയാനാകില്ല. പാശ്ചാത്യ രാജ്യങ്ങളിൽ ആയിരത്തിൽ രണ്ട് മുതൽ അഞ്ച് വരെ കുട്ടികളിൽ ഇത്തരം വാത രോഗങ്ങൾ കണ്ടുവരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ഇന്ത്യയിൽ മാത്രമായി വലിയ തോതിലുള്ള പഠനങ്ങൾ നടന്നിട്ടില്ലെങ്കിലും നമ്മുടെ നാട്ടിലും ആയിരത്തിൽ രണ്ട് പേർക്ക് വരെ രോഗം കാണുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. തുടക്കം മുതലുള്ള രോഗനിർണ്ണയവും ശാസ്ത്രീയമായ ചികിത്സയും കൊണ്ട് ഭേദമാക്കാവുന്നതാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രോഗലക്ഷണങ്ങൾ
സന്ധികളിലെ നീർക്കെട്ടും വേദനയും, വിട്ടുമാറാത്ത പനി,കടുത്ത ക്ഷീണം,കൈകളിലും കാലുകളിലും കാണപ്പെടുന്ന ഉണങ്ങാത്ത വ്രണങ്ങൾ,പുറം വേദന,മസിലു വേദനയോടുകൂടിയുള്ള ബലക്ഷയം,വായ്പുണ്ണ്
ചികിത്സ രീതികൾ
കൃത്യമായ രോഗ നിർണ്ണയമാണ് പ്രധാനം. രോഗത്തിന്റെ കാഠിന്യം, കുട്ടിയുടെ പ്രായം, പൊതു ആരോഗ്യം എന്നിവയ്ക്കനുസരിച്ചുള്ള സമഗ്രമായ ഒരു ചികിത്സ പദ്ധതി തയ്യാറാക്കിയാകും പിന്നീടുള്ള ചികിത്സ.
കുട്ടികളുടെ ഭാവി മുതിർന്നവരുടെ കൈകളിലാണ്. അത് കൊണ്ട് തന്നെ അവരുടെ ഭാവി സുരക്ഷിതമാക്കേണ്ടത് നമ്മുടെ കടമയാണ്. കുട്ടികളിൽ കാണുന്ന ഇത്തരം രോഗലക്ഷണങ്ങൾക്ക് കൃത്യമായ രോഗം നിർണ്ണയത്തിന് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനം ലക്ഷ്യമാക്കുന്നത്.
ഡോ.ഷിജി ജോസഫ്
അസി.പ്രൊഫസർ,
പീഡിയാട്രിക്‌സ് വിഭാഗം ,
അമല മെഡിക്കൽ കോളേജ്