പാവറട്ടി: കനത്ത് പെയ്യുന്ന മഴ മൂലം പറപ്പൂർ ചെല്ലിപ്പാടം കടവിൽ 55 ഏക്കറിലേറെ നെൽക്കൃഷി നാശത്തിന്റെ വക്കിലാണ്. നെൽക്കൃഷി സജീവമായ അവസരത്തിൽ ലഭിക്കുന്ന മഴ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. മിക്ക പാടശേഖരങ്ങളിലും പാടങ്ങളിൽ ഞാറ് നടൽ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കയാണ്. ഞാറ് വളർന്ന് വരുന്ന ഘട്ടത്തിൽ മഴ പെയ്യുന്നത് മൂലം ഞാറിന്റെ അടി ഭാഗം ചീഞ്ഞ് നശിക്കുകയാണ്. വെള്ളം കെട്ടിനിന്നാൽ കഴിഞ്ഞ 20, 25 ദിവസം പ്രായമായ നെൽചെടികൾ നശിച്ചു പോകുന്നതിന് സാധ്യതയുണ്ടെന്ന് കർഷകർ പറഞ്ഞു. അശാസ്ത്രീയമായ പമ്പിംഗ് മൂലം പടവിലെ വെള്ളം വറ്റിക്കാനും കഴിയുന്നില്ല. പാടശേരങ്ങളിൽ ആവശ്യത്തിലേറെ വെള്ളം കെട്ടിനിൽക്കുന്നത് മൂലമാണ് നെൽക്കർഷകർ പ്രതിസന്ധി നേരിടുന്നത്. കനത്ത മഴയിൽ പല പടവുകളിലെയും താഴ്ന്ന പ്രദേശങ്ങൾ മുങ്ങി തുടങ്ങിയെന്നും മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളയുന്നതിന് നടപടിയെടുത്തിട്ടുണ്ടെന്നും പടവ് കൺവീനർമാർ അറിയിച്ചു. നായ്ക്കൻ കാളിപ്പാടം തോട് താഴ്ത്തി തടസ്സങ്ങളും മറ്റും നീക്കിയാൽ മഴവെള്ളം സുഗമമായി ഒഴുകി പോകുമെന്നാണ് കർഷകരുടെ അഭിപ്രായം. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും അടിയന്തര നടപടി സ്വീകരിച്ച് കർഷകരെ രക്ഷിക്കണമെന്ന് പൊതുപ്രവർത്തകൻ പി.ഒ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.