തൃശൂർ: നവീകരിച്ച വടക്കേച്ചിറ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചു. വടക്കേച്ചിറ പോലെ ക്ഷേത്രങ്ങളോട് ചേർന്ന് നിൽക്കുന്ന നിരവധി സ്ഥലങ്ങൾ നവീകരിക്കാൻ പൊതുവായ കൂട്ടായ്മയിലൂടെയും സഹകരണത്തിലൂടെയും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. നവീകരണമെന്നത് പാരമ്പര്യത്തെ തകർക്കുന്ന സമീപനമല്ലെന്നും ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്ന വികസനമാണെന്നും മന്ത്രി പറഞ്ഞു.
ചെളി നീക്കി, മലിനജലം ചിറയിലേക്ക് ഒഴുകുന്നത് തടഞ്ഞ ശേഷമാണ് കുളം മനോഹരമാക്കിയത്. മതിലുകൾ ബലപ്പെടുത്തി പൂച്ചെടികൾ നട്ടു. കസേരകളും വെളിച്ച സംവിധാനങ്ങളും ഏർപ്പെടുത്തി. ജലധാര, പെഡൽ ബോട്ട്, ഭക്ഷണശാല സൗകര്യങ്ങളുമുണ്ട്. ടി.എൻ. പ്രതാപൻ എം.പി, മേയർ എം.കെ. വർഗീസ്, കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ്, കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാൻ വി. നന്ദകുമാർ, ചെമ്പൂക്കാവ് കൗൺസിലർ റെജി ജോയി എന്നിവർ സംസാരിച്ചു.
ചിറയ്ക്ക് ചുറ്റും പൂന്തോട്ടവും പുതിയ എൽ.ഇ.ഡി അലങ്കാര ദീപവും സ്ഥാപിച്ചിട്ടുണ്ട്. ചിറയിൽ രണ്ട് ഫൗണ്ടനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു ലഘു സസ്യഭക്ഷണശാലയും ഇവിടെ പ്രവർത്തിക്കും. കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ് പട്ടാഭിരാമനാണ് പദ്ധതി സ്പോൺസർ ചെയ്തത്.
വടക്കുന്നാഥന്റെ കൂത്തമ്പലം
നവീകരിക്കും: കല്യാണരാമൻ
തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിലെ കൂത്തമ്പലം നവീകരിക്കാമെന്ന് കല്യാൺ ജ്വല്ലേഴ്‌സ് എം.ഡിയും ചെയർമാനുമായ ടി.എസ് കല്യാണരാമൻ. നവീകരിച്ച വടക്കേച്ചിറയുടെ സമർപ്പണ ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണനാണ് വടക്കുന്നാഥ ക്ഷേത്രത്തിലെ കൂത്തമ്പലമടക്കം നാശം നേരിടുന്നതായും നവീകരണത്തിന് സഹായിക്കണമെന്നും അഭ്യർത്ഥിച്ചത്. മന്ത്രിയുടെ അഭ്യർത്ഥന ഏറ്റെടുക്കുന്നുവെന്നും നവീകരണം കല്യാൺ ജ്വല്ലേഴ്‌സ് നിർവഹിക്കുമെന്നും കല്യാണ രാമൻ മന്ത്രിക്കും സദസിനും ഉറപ്പ് നൽകി. കൂത്തമ്പലം ചോർച്ച നേരിടുന്നതടക്കമുള്ളവ വാർത്തയായിരുന്നു. കൊവിഡ് സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബോർഡിനും സർക്കാരിനും വൻ തുക ഇതിനായി മാറ്റിവയ്ക്കുന്നത് പ്രയാസകരമാണെന്ന് അറിയിച്ചിരുന്നു. 2007ൽ ടൂറിസം വകുപ്പ് നവീകരിച്ചതാണെങ്കിലും തുടർ പ്രവർത്തനം നടക്കാതിരുന്നതാണ് വീണ്ടും നാശം നേരിട്ടതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കൊച്ചിൻ ദേവസ്വം പ്രസിഡന്റ് വി. നന്ദകുമാർ പറഞ്ഞു.