തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള വടക്കേച്ചിറ പാർക്കാക്കി മാറ്റുകയാണെന്ന ആക്ഷേപവുമായി തൃശ്ശിവപേരൂർ പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വടക്കേച്ചിറ പരിസരത്ത് പ്രതിഷേധം. പ്രതിഷേധ പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ആറാട്ട് നടക്കുന്ന ക്ഷേത്രക്കുളത്തിന് സമീപം ലഘു ഭക്ഷണശാലയും ജലസവാരിയും അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എ.പി ഭരത്കുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.സതീഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. വി. മോഹനകൃഷ്ണൻ, സി.കെ മധു, പി.ആർ ഉണ്ണി, കൃഷ്ണൻകുട്ടി പടിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. അശോകേശ്വരം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച നാമജപയാത്ര വടക്കേച്ചിറയ്ക്ക് സമീപം പൊലീസ് തടഞ്ഞു.