krishi

തൃശൂർ: തുലാ വർഷവും അതിനൊപ്പമുള്ള ന്യൂനമർദ്ദത്തെ തുടർന്നുള്ള ശക്തമായ മഴയും കർഷകരെ ആശങ്കയിലാഴ്ത്തുന്നു. മുണ്ടകൻ കൃഷിയിറക്കുന്നതിന്റെ ഭാഗമായി നട്ട ഞാറുകൾ പലയിടങ്ങളിലും വെള്ളത്തിലായി. മഴ തുടർന്നാൽ ഇത് പൂർണ്ണമായി നശിക്കുന്ന ഘട്ടത്തിലെത്തുമെന്ന് കർഷകർ പറയുന്നു. മണലൂർ പഞ്ചായത്തിലെ വെങ്കിടങ്ങ് പൊണ്ണമുത, ചേർപ്പ് ജൂബിലി കോൾപടവ്, തോളൂർ പഞ്ചായത്തിലെ ചെല്ലിപ്പാടം തുടങ്ങിയ മേഖകളിൽ എല്ലാം കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 10 മുതൽ 25 വരെ പ്രായമായ നെൽച്ചെടികളാണ് വെള്ളത്തിലായിരിക്കുന്നത്. ഇവിടെ 55 എക്കർ കൃഷിയിടത്താണ് വെള്ളക്കെട്ട് പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ വെള്ളം ഇറങ്ങിയില്ലെങ്കിൽ പൂർണ്ണമായും കൃഷിനശിക്കും. കാളിപാടം തോട്ടിൽ വെള്ളം നിറഞ്ഞ് ഒഴുകുന്നതിനാൽ പടവിലെ വെള്ളം വറ്റിക്കാൻ കഴിയാത്തതാണു പ്രശ്‌നം. ആകെയുള്ളത് 10 എച്ച്.പിയുടെ 2 മോട്ടർ മാത്രമാണ്. ഇതിലൂടെ പമ്പ് ചെയ്യുന്ന വെള്ളം കാളിപാടം തോട്ടിലേക്ക് എത്തുന്നില്ല. ഓരു വെള്ളം വരുന്നതും തോട് പൊട്ടിയ ഭാഗത്തു നിന്നും വെള്ളം ചാടുന്നതും കാളിപാടം തോട്ടിലെ ജലനിരപ്പ് ഉയർത്തി. കൃഷിപണികൾ നടക്കുന്ന ചിറയ്ക്കൽ പാടത്ത് നിന്നു പമ്പ് ചെയ്യുന്ന വെള്ളവും കാളിപ്പാടം തോട്ടിലൂടെയാണ് ഒഴുകി വരുന്നത്. എന്നാൽ തോടിന് വേണ്ടത്ര ആഴമില്ലാത്തത് മൂലം നിറഞ്ഞൊഴുന്ന വെള്ളം പാടശേഖരത്തിലേക്ക് ഒഴുകിയെത്തുകയാണ്. ജൂബിലി തേവർ പടവ്, പൊണ്ണമുത എന്നിവിടങ്ങളിൽ നിരവധി കർഷകർ ഇട്ട ഞാറുകളും വെള്ളത്തിനടിയിലാണ്. കുംഭം, മീനം മാസങ്ങളിൽ കൊയ്ത്ത് നടക്കുന്ന തരത്തിൽ അന്തിക്കാട്, പുള്ള്, ആലപ്പാട്, അരിമ്പൂർ കോൾപടവുകളിൽ എല്ലാം തന്നെ കൃഷി ഇറക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് മഴ ശക്തി പ്രാപിച്ചിരിക്കുന്നത്.