മാള: പൊയ്യ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് രാത്രി ഉറങ്ങണമെങ്കിൽ ജല അതോറിറ്റി കനിയണം. ഉറക്കം കെടുന്നതിൽ പഞ്ചായത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ല. കുടിവെള്ള പ്രശ്നം രൂക്ഷമായ പ്രദേശത്ത് രാത്രി മുഴുവൻ ജനങ്ങൾ അവരുടെ പ്രതിഷേധം അറിയിക്കുന്നതിനായി ജനപ്രതിനിധികളെ ഫോൺ വിളിക്കുകയാണ്.
ഉപ്പുവെള്ളം നിറഞ്ഞ പ്രദേശങ്ങളിൽ ജലനിധി പദ്ധതിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിച്ചാണ് ജനങ്ങൾ കഴിയുന്നത്. വേനൽക്കാലം ആകുന്നതിന് മുമ്പ് തന്നെ ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാകും. ആഴ്ചയിൽ ഒരു ദിവസമാണ് പൊയ്യയിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തുന്നത്. ചാലക്കുടിപ്പുഴയിലെ വെള്ളം കലങ്ങിയതിനാൽ പമ്പിംഗ് നിറുത്തിയെന്നാണ് ജല അതോറിറ്റി അധികൃതരുടെ വിശദീകരണം.
എന്നാൽ പ്രശ്‌നം തീർന്നിട്ടും പൊയ്യയിലേക്ക് വെള്ളം നൽകുന്നില്ലെന്നാണ് ജനപ്രതിനിധികളുടെ വാദം. ഇക്കാര്യത്തിന് പ്രസിഡന്റിനെ മാത്രമല്ല എല്ലാ മെമ്പർമാരെയും ജനങ്ങൾ രാപ്പകൽ ഭേദമില്ലാതെ വിളിക്കുകയാണ്. ഇക്കാര്യം ജല അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും വെള്ളം നൽകാത്തതിനെ തുടർന്നാണ് കുത്തിയിരിപ്പ് നടത്തിയത്. മഴക്കാലത്തും വെള്ളത്തിനായി സമരം നടത്തേണ്ട ഗതികേടിലാണ് പൊയ്യ പഞ്ചായത്തിലുള്ളവർ.
അവഗണന വീണ്ടും തുടർന്നാൽ ജനങ്ങൾക്ക് നേരിട്ട് വിളിക്കുന്നതിനായി ജല അതോറിറ്റി അധികൃതരുടെ ഫോൺ നമ്പർ പരസ്യപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. രാത്രി മുഴുവൻ ജനങ്ങൾ കുടിവെള്ളത്തിനായി വിളിക്കുമ്പോഴുള്ള പ്രയാസങ്ങൾ അവർ കൂടി അറിയാനും നടപടി ഉണ്ടാകാനുമാണ് ഇതൊരു സമര മാർഗമായി സ്വീകരിക്കുമെന്നാണ് പറയുന്നത്. പ്രതിഷേധം കടുത്തതോടെ അധികൃതർ വെള്ളം തുറന്നുവിടാൻ തയ്യാറായതെന്ന് സമരക്കാർ അറിയിച്ചു. നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് കൃത്യമായി വെള്ളം നൽകാമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ ഉറപ്പ് നൽകിയതായും പൊയ്യ പഞ്ചായത്ത് ജനപ്രതിനിധികൾ വ്യക്തമാക്കി.
ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട വാർഡുകളായ 1, 2, 12, 13, 14, 15 എന്നിവിടങ്ങളിലെ ജനങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതത്തിലുള്ളത്. 5, 6, 7 വാർഡുകളിലും കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്.
ഡെയ്‌സി തോമസ്
പ്രസിഡന്റ്, പൊയ്യ പഞ്ചായത്ത്