beenakumari

മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി കാട്ടാന ഭീക്ഷണിയുള്ള സ്ഥലം സന്ദർശിക്കുന്നു


പുതുക്കാട്: വെള്ളിക്കുളങ്ങര വനമേഖലയിലെ വന്യമ്യഗ ശല്യം പ്രതിരോധിക്കുന്നതിനുള്ള പരിഹാര മാർഗ്ഗങ്ങൾക്കായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം നവംബർ 5ന് വിളിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി അറിയിച്ചു.
യോഗത്തിന് ശേഷം സർക്കാരിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസും കാട്ടാന ആക്രമണം നടന്ന സ്ഥലങ്ങളും സന്ദർശിച്ച ശേഷമാണ് കമ്മിഷന്റെ തീരുമാനം. പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കാട്ടാന ശല്യം യാഥാർത്ഥ്യമാണെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു.

വനം, പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം കമ്മിഷൻ നാശ നഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു. പല സ്ഥലങ്ങളിലും കാട്ടാന ഫെൻസിംഗ് നശിപ്പിച്ചു. മറ്റത്തൂർ പഞ്ചായത്തിൽ ചേർന്ന ജനജാഗ്രത സമിതിയിലും കമ്മിഷൻ അംഗം പങ്കെടുത്തു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഹാരിസൺ പ്ലാന്റേഷനിൽ ആന ചവിട്ടി കൊന്ന തൊഴിലാളിക്ക് നൽകേണ്ട സഹായം ഉടൻ നൽകുമെന്ന് പ്ലാന്റേഷൻ അധികൃതർ കമ്മീഷനെ അറിയിച്ചു. പ്രദേശത്ത് വൈദ്യുതി വിളക്കുകൾ കത്തുന്നില്ല. വനം ഉദ്യോഗസ്ഥർക്ക് വാഹനങ്ങളും ടോർച്ചും മറ്റ് ആധുനിക സംവിധാനങ്ങളും ലഭ്യമല്ലെന്നും ജാഗ്രതാ സമിതി കമ്മീഷനെ അറിയിച്ചു.

പരാതി പറഞ്ഞ് നാട്ടുകാർ

രാത്രിയും പകലും വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങി കൃഷി നശിപ്പിക്കുകയാണെന്നും ആനക്കൂട്ടം, പന്നിക്കൂട്ടം, മാൻകൂട്ടം, മയിൽ, മലയണ്ണാൻ, കുരങ്ങ്, ചെന്നായ്ക്കൾ തുടങ്ങിയ മൃഗങ്ങളുടെ ആക്രമണം ഇഞ്ചക്കുണ്ട് പ്രദേശത്തുള്ളതായും നാട്ടുകാർ പരാതിപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് സംരക്ഷണം നൽകുന്നില്ലെന്നും പരാതിയുണ്ട്. കൃഷി മുഖ്യ ഉപജീവന മാർഗ്ഗമാണെങ്കിലും വന്യമൃഗ ശല്യത്താൽ വൻ നഷ്ടമാണ് സംഭവിക്കുന്നത്. തെങ്ങ്, കവുങ്ങ്, വാഴ, റബർ, പച്ചക്കറി തുടങ്ങിയവ നിരന്തരം നശിപ്പിക്കപ്പെടുന്നതായും നാട്ടുകാർ കമ്മിഷനെ അറിയിച്ചു.