ചാലക്കുടി: ജാതിമത സന്തുലിതാവസ്ഥയുടെ പേരിൽ പട്ടികജാതി വിഭാഗങ്ങളെ എല്ലാ മേഖലയിൽ നിന്നും പുറന്തള്ളുന്ന സർക്കാർ നയം തിരുത്തണമെന്ന് സാംബവ മഹാസഭ ചാലക്കുടി യൂണിയൻ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. പരമ്പരാഗത ഉത്പന്നമായ ഈറ്റയുടെ ക്ഷാമം പരിഹരിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് മോഹൻ പാട്ടാളി അദ്ധ്യക്ഷനായി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, സംസ്ഥാന കമ്മിറ്റിയംഗം ചന്ദ്രൻ പുതിയേടത്ത്, രാമചന്ദ്രൻ മുല്ലശേരി, യൂണിയൻ ഭാരവാഹികളായ കെ.കെ. രാമചന്ദ്രൻ, വി.എം. സുബ്രൻ, ശാന്ത കുഞ്ഞിറ്റി തുടങ്ങിയവർ പ്രസംഗിച്ചു.