ചാലക്കുടി: ഹരിത കർമ്മ സേന പദ്ധതിയുമായി സഹകരിക്കാത്ത കുടുംബങ്ങളെ നഗരസഭയുടെ ആനുകൂല്യ പട്ടികയിൽ നിന്നും ഒഴിവാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. വാർഡുകളിലെ മുഴുവൻ വീടുകളേയും സേനയുടെ പ്ലാസ്റ്റിക് ശേഖരണ പദ്ധതിയിൽ ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു. വീടുകളിൽ നിന്നും പ്ലാസ്റ്റിക് അവഷിഷ്ടങ്ങൾ ശേഖരിക്കുന്നതിനുള്ള പ്രതിമാസ ഫീസ് 40 രൂപയാക്കി വർദ്ധിക്കും.
കർമ്മസേന അംഗങ്ങളുടെ ശമ്പള പരിഷ്‌കരണത്തിനും മറ്റുമായി ഈ തുക വിനിയോഗിക്കും. നിലവിൽ ലഭിക്കുന്ന തുക ശമ്പളത്തിന് പോലും തികയാതെ വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പത്ത് രൂപയുടെ വർദ്ധനവ് വരുത്തുന്നത്. കണ്ടിജന്റ് ജീവനക്കാർക്ക് സർക്കാരിലേക്ക് അടയ്‌ക്കേണ്ടതായ നഗരസഭ കുടിശിഖ വരുത്തിയിട്ടുള്ള തുക ഘട്ടംഘട്ടമായി അടയ്ക്കാനും തീരുമാനിച്ചു. ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനായി. കൗൺസിലർമാരായ ഷിബു വാലപ്പൻ, അഡ്വ. ബിജു എസ്.ചിറയത്ത്, കെ.വി. പോൾ, സി.എസ്. സുരേഷ്, വി.ജെ. ജോജി, വത്സൻ ചമ്പക്കര തുടങ്ങിയവർ സംസാരിച്ചു.