kulam

തൃശൂർ: മഴ ശക്തമായ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്. ഇതിനോടകം നൂറുക്കണക്കിന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.ചാലക്കുടി റയിൽവേ അടിപാത മുങ്ങി. ചാലക്കുടി പുഴ നിറഞ്ഞൊഴുകുകയാണ്. പെരിങ്ങൽ കുത്ത്, ഷോളയാർ, പറമ്പിക്കുളം ഡാമുകൾ തുറന്നതോടെ ആണ്‌ പുഴയിലെ ജലനിരപ്പ് കൂടുതലായി ഉയർന്നത്. ചിലയിടങ്ങളിൽ ആറു മീറ്റർ വരെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നൂറുക്കണക്കിന് വീടുകളാണ് വെള്ളക്കെട്ട് ഭീഷണിയിൽ ആയിരിക്കുന്നത്. ജില്ലാ കളക്ടർ ഹരിത വി.കുമാർ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഐ.ജെ മധുസൂദനൻ, തഹസിൽദാർ ഇ.എൻ രാജു എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ഇതിനിടെ പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് താഴുന്ന പ്രവണത കാണിച്ചതിനെ തുടർന്ന് പറമ്പികുളത്തു നിന്ന് തുറന്നു വിടുന്ന ജലത്തിന്റെ അളവ് കുറച്ചു. താലൂക്ക് കൺട്രോൾ റൂം പ്രവർത്തനം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതത്വത്തിൽ നടന്നുവരുന്നു. പ്രളയ ഭിതീയിലാണ് നാട്. 2018 ലെ മഹാ പ്രളയത്തിൽ ഏറ്റവും കൂടുതൽ പ്രശ്നം സൃഷ്ടിച്ച സ്ഥലം ആണ്‌ ചാലക്കുടി. ജില്ലയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. വാഴാനി ഡാമിന്റെ ഷട്ടറും ഉയർത്തി.

ഏനാമാവ് റെഗുലേറ്റർ തുറന്നു

ഏനാമാവ് റെഗുലേറ്റർ തുറന്നു. വെള്ളം പൂർണമായും കടലിലേക്ക് ഒഴുകുന്നു. തൃശൂർ നഗരത്തിൽ വെള്ളക്കെട്ട് സാദ്ധ്യതയിയില്ലെന്ന് അധികൃതർ അറിയിച്ചു.

താമരകുളം നിറഞ്ഞു

വടക്കാഞ്ചേരി വാഴാനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ തെക്കുംകര പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ ജലനിരപ്പ് ഉയർന്നു. വാഴാനി പുഴയിലൂടെ വെള്ളം കുത്തിയോഴുകുകയാണ്. കരുമത്ര താമരകുളം നിറഞ്ഞു വെള്ളം റോഡിലേക്ക് കയറി തുടങ്ങി.

കൺട്രോൾ റൂം തുറന്നു

ചാലക്കുടിയിൽ കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ബന്ധപ്പെടേണ്ട നമ്പർ* 0480 270580,8848357472