പുതുക്കാട്: പാലിയേക്കര ടോളിൽ തദ്ദേശവാസികൾക്ക് സൗജന്യമായി അനുവദിച്ച ഫാസ് ടാഗ് ലഭ്യമാകൂന്നതിനും പുതുക്കുന്നതിനും റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വേണമെന്ന് നിഷ്‌കർഷിക്കുന്നത് സർക്കാർ ഉത്തരവിന് എതിരായതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമാണെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. പകരമായി ആധാർ കാർഡ്, ഏറ്റവും പുതിയ ടെലിഫോൺ, വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ബിൽ, വീട് കരം അടച്ച രശീത് എന്നിവയിൽ ഏതെങ്കിലും മതിയെന്ന് സർക്കാർ ഉത്തരവിലുണ്ട്. എന്നാൽ കൊടുങ്ങല്ലൂരിൽ എൻ.എച്ച് ഓഫീസിൽ ബന്ധപ്പെടാൻ അധികൃതർ പറയുന്നത് തികച്ചും ഉത്തരവാദിത്വരഹിതവും ജനങ്ങളെ ബുദ്ധി മുട്ടിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.