1
കാഞ്ഞിരക്കോട് കൊടുമ്പ് അയ്യപ്പ ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ.


വടക്കാഞ്ചേരി: തുടർച്ചയായി പെയ്യുന്ന മഴയിൽ വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും പാടങ്ങൾ വെള്ളത്തിൽ മുങ്ങി. പുഴകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. ചില സ്ഥലങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി. മഴയിൽ വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് കേടുപാടുകൾ സംഭവിച്ചു. മാരാത്ത്കുന്ന് കടമ്പാട്ട് വിട്ടിൽ ദേവകി, ഉള്ളാട്ടൂരിൽ ശോശമ്മ, കവളയിൽ സാവിത്രി എന്നിവരുടെ വീടുകൾക്ക് മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. വടക്കാഞ്ചേരി ഗേൾസ് ഹൈസ്‌കൂളിന്റെ മതിൽ മരം വീണ് തകർന്നു. വാഴാനി അണക്കെട്ടിന്റെ ജലനിരപ്പ് ഉയർന്നതിനാൽ നാല് ഷട്ടറുകൾ 7.5 സെന്റീമീറ്റർ വീതം വീണ്ടുമുയർത്തി. വടക്കാഞ്ചേരി പുഴ നിറഞ്ഞൊഴുകുകയാണ്. മഴ തുടരുകയാണെങ്കിൽ പുഴ ദിശ മാറി ഒഴുകാനും സാദ്ധ്യതയേറെയാണ്. കാഞ്ഞിരക്കോട് കൊടുമ്പ് അയ്യപ്പൻ ക്ഷേത്രത്തിലും കനത്ത മഴയിൽ വെള്ളം കയറി.