കുന്നംകുളം: രണ്ട് ദിവസം തുടർച്ചയായുള്ള മഴയിൽ പഴഞ്ഞി അരുവായി പാടശേഖരത്തിലെ മുണ്ടകൻ കൃഷി വെള്ളത്തിൽ മുങ്ങി. കൃഷിക്കായി പറിച്ച് നട്ട ഞാറുകളാണ് വെള്ളത്തിൽ മുങ്ങിയത്. നട്ട് രണ്ടാഴ്ച പിന്നിട്ട നെൽച്ചെടികളാണ് വെള്ളത്തിനടിയിലായത്. വെള്ളം പെട്ടെന്ന് വറ്റിയില്ലെങ്കിൽ കൃഷി നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. അരുവായി അമ്പലത്തിന് സമീപം തകർന്ന തോട് നന്നാക്കാത്തതാണ് പാടത്ത് വെള്ളക്കെട്ടുണ്ടാകാൻ കാരണം. തകർന്ന തോട്ടുവരമ്പിലൂടെ വെള്ളം ഒഴുകി ഈ ഭാഗത്തെ പാടങ്ങളെല്ലാം വെള്ളത്തിലായി. പലയിടത്തും നട്ട ഞാറുകൾ വെള്ളത്തിൽ ഒലിച്ച് പോയിട്ടുമുണ്ട്. തോട് വൃത്തിയാക്കി വരമ്പുകൾ ബലപ്പെടുത്തണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണെന്നാണ് കർഷകരുടെ ആരോപണം.